യുഎസും ചൈനയും താരിഫുകള്‍ താല്‍ക്കാലികമായി വെട്ടിക്കുറച്ചു
- 90 ദിവസത്തേക്ക് ഇരു രാജ്യങ്ങള്‍ക്കും ആനുകൂല്യം
- ഈ കാലയളവില്‍ പരസ്പര ധാരണയിലെത്താനാവുമെന്ന് യുഎസിനും ചൈനക്കും പ്രതീക്ഷ
90 ദിവസത്തേക്ക് മിക്ക ചൈനീസ് ഉല്‍പ്പന്നങ്ങളുടെയും തീരുവ 30% ആയി കുറയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ ഇറക്കുമതിയുടെ തീരുവ 10% ആയി ചൈനയും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുന്നതിന് ഇരു രാജ്യങ്ങള്‍ക്കും അവസരം നല്‍കുന്നു.
ആഗോള സമ്പദ്വ്യവസ്ഥയെ അസ്വസ്ഥമാക്കിയ ഒരു സംഘര്‍ഷത്തില്‍ നിന്ന് ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികള്‍ ഒരു പടി പിന്നോട്ട് പോയതോടെ ഓഹരി വിപണികള്‍ കുത്തനെ ഉയര്‍ന്നു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 145 ശതമാനം താരിഫ് നിരക്ക് 115 ശതമാനം പോയിന്റ് കുറച്ച് 30 ശതമാനമാക്കാന്‍ യുഎസ് സമ്മതിച്ചതായും, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിരക്ക് അതേ അളവില്‍ 10 ശതമാനമാക്കാന്‍ ചൈന സമ്മതിച്ചതായും യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു.ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗ്രീറും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും താരിഫ് ഇളവുകള്‍ പ്രഖ്യാപിച്ചു.ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തുടരുന്നതിനായി കൂടിയാലോചനകള്‍ ആരംഭിച്ചതായി അവര്‍ പറഞ്ഞു.
സാമ്പത്തികമായി വേര്‍പിരിയാന്‍ യുഎസും ചൈനയും ആഗ്രഹിക്കുന്നില്ലെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ മാസം ട്രംപ് ചൈനയ്ക്കുമേലുള്ള യുഎസ് തീരുവ 145 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ചൈന അമേരിക്കന്‍ ഇറക്കുമതികള്‍ക്ക് 125 ശതമാനം ലെവി ചുമത്തി. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 660 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. താരിഫ് യുദ്ധം ഈ വ്യാപാരത്തെ തടസ്സപ്പെടുത്തി.
യുഎസിന്റെയും ചൈനയുടെയും പ്രഖ്യാപനം ഓഹരികള്‍ക്ക് കുതിപ്പേകി, യുഎസ് ഫ്യൂച്ചറുകള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഏകദേശം 3 ശതമാനവും ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും ബെഞ്ച്മാര്‍ക്കുകള്‍ 0.7 ശതമാനവും ഉയര്‍ന്നു.
