വ്യാപാരയുദ്ധ സാധ്യത; സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കനത്തവെല്ലുവിളി
ആഗോള മാന്ദ്യം വരുമെന്ന ആശങ്ക വ്യാപകമെന്ന് റിപ്പോര്‍ട്ട്
ആഗോള വ്യാപാര യുദ്ധ സാധ്യതകള്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയെന്ന് യുബിഎസ്. ഗ്ലോബല്‍ ഫാമിലി ഓഫീസ് റിപ്പോര്‍ട്ട് 2025 എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വ്യാപാര യുദ്ധത്തിന് പിന്നാലെ ലോകരാഷ്ട്രങ്ങളിലെ 70 ശതമാനം ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനങ്ങളും ആഗോള മാന്ദ്യം വരുമെന്ന ആശങ്കയിലാണുള്ളത്.
വരുന്ന 5 വര്‍ഷം വ്യാപാര യുദ്ധത്തിന്റെ ആഘാതം ഉണ്ടാവുമെന്നാണ് സര്‍വേയില്‍ പ്രതികരിച്ച 53 ശതമാനം സ്ഥാപനങ്ങളും പറഞ്ഞത്. ഈ ആശങ്കയുടെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങള്‍ പോര്‍ട്ട് ഫോളിയോയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നിക്ഷേപം ഹെഡ്ജ് ഫണ്ടുകളിലും സുരക്ഷിത നിക്ഷേപമായി കാണുന്ന സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും വരെ മാറ്റിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏഷ്യയിലെ എമര്‍ജിങ് വിപണിയില്‍ നിന്ന് മാറി യുഎസ് അടക്കമുള്ള വികസിത വിപണിയിലേക്ക് നിക്ഷേപം മാറ്റി. 2023-ല്‍ 24 ശതമാനമായിരുന്ന നിക്ഷേപം 2024-ല്‍ 26 ശതമാനമായും 2025-ല്‍ 29 ശതമാനമായും വര്‍ദ്ധിച്ചു.ഭൗമ രാഷ്ട്രീയ സംഘര്‍ഷവും ഉയര്‍ന്ന പണപ്പെരുപ്പവും പ്രതിസന്ധി സൃഷ്ടിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയിട്ടുണ്ട്.