ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയില്ലെന്ന് ട്രംപ്
റഷ്യന്‍ എണ്ണ വാങ്ങുന്നത് ഒഴിവാക്കിയാല്‍ മാത്രം ചര്‍ച്ച പരിഗണിക്കും
ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിവെച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെച്ചാല്‍ മാത്രമെ ചര്‍ച്ചയുടെ കാര്യം പരിഗണിക്കു എന്നാണ് ട്രംപിന്റെ നിലപാട്. യുഎസ്-ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ നിലയിലേക്ക് എത്തുകയാണ്.
ഉയര്‍ന്ന തീരുവകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'അത് പരിഹരിക്കപ്പെടുന്നതുവരെ വേണ്ട,' എന്നായിരുന്നു ട്രംപിന്റെ മറുപടി.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവര്‍ റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്നത് തുടരുകയാണെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു. മാസ്‌കോയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ 'ദ്വിതീയ ഉപരോധങ്ങള്‍' ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്.
ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക വ്യാപാര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ബുധനാഴ്ച ഒപ്പുവച്ചു, ഇതോടെ മൊത്തം ലെവി 50 ശതമാനമായി. പുതിയ താരിഫുകള്‍ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.
താരിഫ് വര്‍ദ്ധനവിനെതിരെ പ്രതികരിച്ച ഇന്ത്യ, ഈ നീക്കത്തെ 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ് ' എന്ന് വിമര്‍ശിച്ചു. ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അത് ആവര്‍ത്തിച്ചു.
'ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ ഇറക്കുമതികള്‍ ചെയ്യുന്നത്. ഇത് വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉള്‍പ്പെടെയുള്ള ഈ വിഷയങ്ങളില്‍ ഞങ്ങളുടെ നിലപാട് ഞങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വലിയ വില നല്‍കേണ്ടി വന്നാലും ഇന്ത്യ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി, രാജ്യത്തെ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്നും അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന തീരുവകളുടെ ഭാരം വഹിക്കുമെന്നും വ്യക്തമാക്കി. 'കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താല്‍പ്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല',മോദി പറഞ്ഞു.
ഇന്ത്യ, ചൈന, തുര്‍ക്കി എന്നിവയാണ് റഷ്യയുടെ എണ്ണയുടെ ഏറ്റവും വലിയ മൂന്ന് ഇറക്കുമതിക്കാര്‍. വിരോധാഭാസമെന്നു പറയട്ടെ, ട്രംപ് ഇന്ത്യയെ ലക്ഷ്യമിടുമ്പോള്‍, വാഷിംഗ്ടണിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 145% തീരുവ താല്‍ക്കാലിക ഉടമ്പടി പ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
