യുഎസിന് ആശ്വാസം: കടം വാങ്ങല്‍ ബില്‍ സഭ പാസാക്കി

  • 99 പേജുള്ള ബില്ലിന്മേല്‍ സെനറ്റ് ഈ ആഴ്ച അവസാനം വോട്ടെടുപ്പ് നടത്തും
  • സെനറ്റില്‍ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റിനാണ് ഭൂരിപക്ഷം. എന്നാല്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്
  • 117 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു

Update: 2023-06-01 03:13 GMT

യുഎസ് സര്‍ക്കാരിന്റെ കടം വാങ്ങല്‍ പരിധി ഉയര്‍ത്താന്‍ യുഎസ് ജനപ്രതിനിധിസഭ (US House of Representatives) ബുധനാഴ്ച (മെയ് 31) വോട്ട് ചെയ്തു. കടം വീട്ടുന്നതില്‍ യുഎസ് സര്‍ക്കാരിന് വീഴ്ചയുണ്ടാകാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്.

149 റിപ്പബ്ലിക്കന്മാരും 165 ഡമോക്രാറ്റുകളും ഉള്‍പ്പെടെ 314 അംഗങ്ങള്‍ കടം ഉയര്‍ത്തല്‍ പരിധി സംബന്ധിച്ച ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 117 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.

സഭ പാസാക്കിയ ഡെറ്റ് സീലിംഗ് ബില്‍ 2025 ജനുവരി വരെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ സഹായിക്കും. അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു.

പരിധി ഉയര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ കടപത്രങ്ങളിലൂടെയും ബോണ്ടുകളിലൂടെയുമൊക്കെ എടുത്ത കടം തിരിച്ചടക്കാനാവാതെ വരും. ഇതിനു പുറമെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിര്‍വഹണം സാധ്യമാകാതെയും വരുമായിരുന്നു. ഇത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ ഒഴിവായത്.

ഇനി 99 പേജുള്ള ബില്ലിന്മേല്‍ സെനറ്റ് ഈ ആഴ്ച അവസാനം വോട്ടെടുപ്പ് നടത്തും. അതിനു ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിടും.

സെനറ്റില്‍ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റിനാണ് ഭൂരിപക്ഷം. എന്നാല്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്.

ഡെറ്റ് സീലിംഗ്

വിവിധ ബില്ലുകള്‍ക്ക് നല്‍കേണ്ടതും വിവിധ ചെലവുകള്‍ നേരിടാനുമായി യുഎസ് സര്‍ക്കാരിന് കടം വാങ്ങാവുന്ന ആകെ തുക സംബന്ധിച്ച് നിയമപരമായി നിശ്ചയിച്ചിട്ടുള്ള പരിധിയെയാണ് ഡെറ്റ് സീലിംഗ് (Debt Ceiling) എന്നു വിശേഷിപ്പിക്കുന്നത്. 1917-ലാണ് യുഎസ് കോണ്‍ഗ്രസ് ഈ നിയമം പാസാക്കിയത്. സുരക്ഷാ പദ്ധതികള്‍, ചികിത്സാ സേവനങ്ങള്‍ക്കുള്ള ചെലവുകള്‍, പൊതുകടത്തിന്മേലുള്ള പലിശ, ടാക്‌സ് റീഫണ്ട് തുടങ്ങിയവയ്ക്കു നല്‍കുന്നതിന് പണം തികയാതെ വരുമ്പോഴാണ് കടം വാങ്ങല്‍ പരിധി ഉയര്‍ത്തേണ്ടി വരുന്നത്.

ഇപ്പോള്‍ യുഎസ് സര്‍ക്കാരിന് എടുക്കാവുന്ന കടത്തിന്റെ പരിധി അഥവാ ഡെറ്റ് സീലിംഗ് എന്നു പറയുന്നത് 31.38 ലക്ഷം കോടി ഡോളറാണ്. ഇത് ഏകദേശം 2,570 ലക്ഷം കോടി രൂപയോളം വരും.

ഈ വര്‍ഷം ജൂണ്‍ അഞ്ചിന് മുന്‍പ് കടമെടുപ്പ് പരിധി ഉയര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഓഫീസുകള്‍ അവതാളത്തിലാകും. ചിലപ്പോള്‍ പൂട്ടിയിടേണ്ടി വന്നേക്കാമെന്ന സാഹചര്യവുമുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യല്ലന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കടം വാങ്ങല്‍ പരിധി ഉയര്‍ത്തേണ്ട സാഹചര്യം വന്നപ്പോള്‍ അതിന് അനുവദിക്കാതിരുന്ന സന്ദര്‍ഭം യുഎസിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക.

Tags:    

Similar News