ഇന്ത്യക്ക് 27 ശതമാനം പകരച്ചുങ്കവുമായി യുഎസ്

  • ചൈനക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും നികുതി ചുമത്തി
  • യുഎസിന്റെ ആശങ്കകള്‍ പരിഹരിച്ചാല്‍ നികുതി കുറയ്ക്കാമെന്ന് ട്രംപ്

Update: 2025-04-03 03:31 GMT

അമേരിക്ക ഏര്‍പ്പെടുത്തിയ 27 ശതമാനം പരസ്പര താരിഫുകള്‍ അല്ലെങ്കില്‍ ഇറക്കുമതി തീരുവകള്‍ ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനം വാണിജ്യ മന്ത്രാലയം വിശകലനം ചെയ്യുന്നു.

യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും ഏപ്രില്‍ 5 മുതല്‍ സാര്‍വത്രികമായ 10 ശതമാനം താരിഫ് പ്രാബല്യത്തില്‍ വരും. ബാക്കി 16 ശതമാനം ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് കിഴിവുള്ള താരിഫ് ആണെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നാണ് താരിഫുകള്‍ ട്രംപ് പ്രഖ്യാപിച്ചത്.

ഒരു രാജ്യം യുഎസിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെങ്കില്‍, ട്രംപ് ഭരണകൂടത്തിന് ആ രാജ്യത്തിനെതിരായ തീരുവ കുറയ്ക്കുന്നത് പരിഗണിക്കാമെന്ന വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ത്യ ഇതിനകം തന്നെ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകള്‍ യുഎസ് പ്രസിഡന്റ് പട്ടികപ്പെടുത്തി.

'ഇത് വിമോചന ദിനമാണ്, ഏറെക്കാലമായി കാത്തിരുന്ന നിമിഷം. 2025 ഏപ്രില്‍ 2 അമേരിക്കന്‍ വ്യവസായം പുനര്‍ജനിച്ച ദിവസമായും, അമേരിക്കയുടെ വിധി തിരിച്ചുപിടിച്ച ദിവസമായും, അമേരിക്കയെ വീണ്ടും സമ്പന്നമാക്കാന്‍ തുടങ്ങിയ ദിവസമായും എന്നെന്നും ഓര്‍മ്മിക്കപ്പെടും', പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.

താരിഫുകള്‍ പ്രഖ്യാപിക്കുമ്പോള്‍, ഇന്ത്യ, ചൈന, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈടാക്കുന്ന താരിഫുകളും, ഇനി ഈ രാജ്യങ്ങള്‍ നല്‍കേണ്ട പരസ്പര താരിഫുകളും കാണിക്കുന്ന ഒരു ചാര്‍ട്ട് അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ചൈനക്ക് യുഎസ് ഏര്‍പ്പെടുത്തുന്നത് 34 ശതമാനം താരിഫാണ്. യൂറോപ്യന്‍ യൂണിയന് 20 ശതമാനം, ജപ്പാന് 24 ശതമാനം,വിയറ്റ്‌നാമിന് 46, ദക്ഷിണ കൊറിയക്ക് 25 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. ബംഗ്ലാദേശിന് 37, ശ്രീലങ്കക്ക് 44, പാക്കിസ്ഥാന് 29 ഉം ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.

പ്രതികാരച്ചുങ്കത്തിനെതിരെ ചൈന അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. യുഎസിനെതിരായ നടപടികളെക്കുറിച്ച് ബെയ്ജിംഗ് പരിശോധിച്ചുവരികയാണ്.

എന്നാല്‍ പകരച്ചുങ്കത്തില്‍നിന്ന് മെക്‌സിക്കോയെയും കാനഡയെയും യുഎസ് ഒഴിവാക്കി. അതേസമയം ഈ താരിഫുകള്‍ ഉപഭോക്താക്കളെയും സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News