താരിഫ് തിരിച്ചടിയായി; ഇന്ത്യാബന്ധം വഷളായെന്നും ട്രംപ്

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും യുഎസ് പ്രസിഡന്റ്

Update: 2025-09-13 05:32 GMT

ഇന്ത്യക്കുമേല്‍ അധിക താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ ഇറക്കുമതി സംബന്ധിച്ച വിഷയത്തിലായിരുന്നു അധിക തീരുവ ചുമത്തിയത്. അത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയാണ് റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. എന്നാല്‍ ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തി', ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും യുഎസ് പ്രസിഡന്റ് പറയുന്നു. ഏറെ വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേശീയ താല്‍പ്പര്യവും വിപണിയിലെ ചലനാത്മകതയും അനുസരിച്ചാണ് തങ്ങളുടെ ഊര്‍ജ്ജ സംഭരണമെന്ന് ഇന്ത്യ റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങലിനെ ന്യായീകരിച്ചു.

ഇന്ത്യ അമേരിക്കന്‍ ക്രൂഡ്, എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നു. യുഎസിനേക്കാളും വലിയ മധ്യവര്‍ഗ വിപണിയാണ് ഇന്ത്യയിലുള്ളത് എന്നതാണ് അതിന് പ്രധാന കാരണം. 1.4 ബില്യണിലധികം വരുന്ന ഇന്ത്യയിലെ ജനസംഖ്യയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മധ്യവര്‍ഗവും അമേരിക്കയ്ക്ക് ഗണ്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് യുഎസ് വിലയിരുത്തുന്നു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഉടന്‍ തന്നെ ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോകാമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നികും സൂചിപ്പിച്ചു. 

Tags:    

Similar News