വ്യാപാര കരാര്‍: പാല്‍ പറ്റില്ലെങ്കില്‍ വേണ്ട, ചീസായാലും മതിയെന്ന് അമേരിക്ക

വ്യാപാര കരാര്‍ സംബന്ധിച്ച നിലപാട് മയപ്പെടുത്തി യുഎസ്

Update: 2025-09-15 06:46 GMT

നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച നിലപാട് മയപ്പെടുത്താന്‍ അമേരിക്ക. ഇതനുസരിച്ച് ഇന്ത്യയിലെ ക്ഷീരമേഖലയിലേക്ക് പൂര്‍ണമായ പ്രവേശനം വേണമെന്ന ആവശ്യത്തില്‍ നിന്ന് യുഎസ് പിന്മാറുന്നു. പകരം പ്രീമിയം ചീസ് വിപണി തുറന്നുകിട്ടണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ സെന്‍സിറ്റീവ് ആയി തുടരുന്ന ക്ഷീര മേഖലയില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

'ഇന്ത്യയിലേക്ക് പാലോ തൈരോ കയറ്റുമതി ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ചില ചീസ് ഇനങ്ങള്‍ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്, അവ 2-5 ശതമാനം ആളുകള്‍ വരെ ഉപയോഗിക്കും,' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. യുഎസിനുണ്ടായ മാറ്റം ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നേക്കാം. എന്നാല്‍ ഇത് ഇന്ത്യക്ക് സ്വീകാര്യമാകുമോ എന്നത് വ്യക്തമല്ല.വ്യാപാര കരാറുകള്‍ പ്രകാരം ഓസ്ട്രേലിയയില്‍ നിന്നും യുകെയില്‍ നിന്നും ആവശ്യക്കാരുണ്ടായിട്ടും രാജ്യം ക്ഷീരമേഖലയെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ക്കായി പോലും തുറന്നിട്ടില്ല.

ഇന്ത്യ ഇപ്പോള്‍ തന്നെ ചെറിയ തോതില്‍ ചീസ് ഇറക്കുമതി ചെയ്യുന്നു.മൊസറെല്ല, ഗ്രേറ്റ് ചെയ്തതോ പൊടിച്ചതോ ആയ ചീസ്, ഗ്രേറ്റ് ചെയ്യാത്ത സംസ്‌കരിച്ച ചീസ്, നീല-വെയിന്‍ഡ് ചീസ്, ആര്‍ട്ടിസാനല്‍ ചീസ് തുടങ്ങിയ പ്രീമിയം ചീസുകള്‍ 30-40 ശതമാനം ഇറക്കുമതി തീരുവയിലാണ് ഇറക്കുമതി ചെയ്യുന്നത്. 2024-25 ല്‍ ഇന്ത്യ 10.85 മില്യണ്‍ ഡോളറിന്റെ വിവിധ തരം ചീസുകള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ പ്രധാന സ്രോതസ്സുകള്‍ ലിത്വാനിയ, എസ്‌റ്റോണിയ, ഇറ്റലി, യുകെ എന്നിവയാണ്.

യുഎസ് ഇന്ത്യക്കെതിരായ ആരോപണങ്ങളില്‍നിന്ന് പിന്നോട്ടുപോയതായി വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഇനി ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് യുഎസ് കരുതുന്നു. എന്നാല്‍ കുറഞ്ഞ ഉല്‍പ്പാദനക്ഷമത കാരണം മത്സരക്ഷമത കുറഞ്ഞ കാര്‍ഷിക വിപണി ഇന്ത്യ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Tags:    

Similar News