ഇന്ത്യയില്‍നിന്നുള്ള വ്യാപാര ഓര്‍ഡറുകള്‍ നര്‍ത്തിവെച്ച് യുഎസ് റീട്ടെയ്‌ലര്‍മാര്‍

വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗറ്റ്, ഗ്യാപ് തുടങ്ങിയവയാണ് ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്തത്

Update: 2025-08-08 10:55 GMT

ഇന്ത്യയില്‍ നിന്നുള്ള വ്യാപാര ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ച് യുഎസ് റീട്ടെയ്‌ലര്‍മാര്‍. താരിഫ് പശ്ചാത്തലത്തില്‍ വരുന്ന വര്‍ധിച്ച ചെലവ് വഹിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ വിശദീകരണം. വലിയ തിരിച്ചടി നേരിടുക ടെക്‌സ്‌റ്റൈല്‍ മേഖലയെന്നും റിപ്പോര്‍ട്ട്.

യു.എസ് റീട്ടെയില്‍ കമ്പനികളായ വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗറ്റ്, ഗ്യാപ് തുടങ്ങിയവരില്‍ നിന്നാണ് കയറ്റുമതിക്കാര്‍ക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചത്. വര്‍ധിച്ച തുക വഹിക്കാന്‍ സാധിക്കില്ല. അതിനാല്‍ താല്‍ക്കാലികമായി ഇന്ത്യയില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുകയാണെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാല്‍ അധിക ബാധ്യത ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുത്താല്‍ തങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറാണ്. മുന്‍കൂട്ടി ബുക്ക് ചെയ്ത ഓര്‍ഡറുകളുടെ പോലും വില കുറക്കാന്‍ യു.എസ് ഇടപാടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കയറ്റുമതിക്കാര്‍ വ്യക്തമാക്കി. നിലവില്‍ സാധനങ്ങള്‍ കൊണ്ട് പോയാല്‍ തീരുവ ബാധ്യത ഉപയോക്താക്കളുടെ തലയിലാണ് വരിക.

30 മുതല്‍ 35 ശതമാനം വരെ വില വര്‍ധനയാണ് തീരുവ ആഘാതത്തില്‍ ഉല്‍പ്പന്നങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഇത് കമ്പനികളുടെ ലാഭത്തിലും കാര്യമായ തിരിച്ചടിയുണ്ടാക്കും. അതിനാല്‍ ഇരട്ടനികുതി നിലവില്‍ വരുന്ന 26 വരെ കാത്തിരിക്കാം. അതിന് മുമ്പ് ഇന്ത്യയും യു.എസും ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാമെന്നും ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

യു.എസിലേക്ക് പോകേണ്ട പല ഉത്പന്നങ്ങളുടെയും കയറ്റുമതി ഇതോടെ പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ രംഗത്തെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. വെല്‍സ്പണ്‍ ലിവിംഗ്, ഗോകുല്‍ദാസ് എക്സ്പോര്‍ട്സ്, ഇന്‍ഡോ കൗണ്ട്, ട്രൈഡന്റ് തുടങ്ങിയ പ്രമുഖ കയറ്റുമതിക്കാരുടെ വില്‍പ്പനയുടെ 40 മുതല്‍ 70 ശതമാനം വരെ നടത്തുന്നത് യുഎസിലാണ്. 

Tags:    

Similar News