യുഎസ് താരിഫ്; ആഘാതം മറികടക്കാന്‍ കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിക്കും
പദ്ധതികള്‍ ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെട്ടായിരിക്കും
കയറ്റുമതിയ്ക്ക് നേരിട്ടുള്ള സബ്‌സിഡിയില്ല. യുഎസിന്റെ താരിഫ് ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ പുതിയ പദ്ധതി ഒരുക്കുമെന്ന് സര്‍ക്കാര്‍. പദ്ധതികള്‍ ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സൂചന.
ഇതുവരെ സബ്സിഡികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കയറ്റുമതി മേഖല. എന്നാല്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം തള്ളി കളഞ്ഞു. ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ ഇത്തരത്തിലുള്ള സബ്സിഡികള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.
കൂടാതെ സബ്സിഡി സര്‍ക്കാരിന് കൂടുതല്‍ ബാധ്യത വരുത്തുമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ കയറ്റുമതിക്കാര്‍ക്ക് ബദല്‍ പിന്തുണാ നടപടികളാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇതിന്റെ ഭാഗമായി
ചെറുകിട കയറ്റുമതിക്കാര്‍ക്കുള്ള വായ്പ നടപടികളില്‍ ഇളവ് വരുത്താന്‍ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എംഇകള്‍ക്കുള്ള പരിശോധന, സര്‍ട്ടിഫിക്കേഷന്‍ ഫീസ് എന്നിവ കുറയ്ക്കും. കുറഞ്ഞ വായ്പാ ചെലവും, വായ്പ ലഭ്യത ഉറപ്പ് വരുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. താരിഫ് ആഘാതം കാര്യമായി ബാധിക്കുക തുണിത്തരങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ചെമ്മീന്‍ എന്നിവയെയാണ്. 34,000 കോടി വാര്‍ഷിക നഷ്ടമാണ് ഈ മേഖലകളില്‍ മാത്രം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സബ്സിഡി പദ്ധതി ആവശ്യപ്പെട്ടതെന്ന് കയറ്റുമതി മേഖലയിലെ കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
