ഈ വര്‍ഷം യുഎസുമായി വ്യാപാര കരാറിലെത്താനാകുമെന്ന് ധനമന്ത്രി

  • അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും യോഗങ്ങളിലും ധനമന്ത്രി പങ്കെടുക്കും
  • ജി 20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗങ്ങളിലും നിര്‍മല സീതാരാമന്‍ പങ്കാളിയാകും

Update: 2025-04-21 07:25 GMT

ഈ വര്‍ഷം തന്നെ യുഎസുമായി വ്യാപാരകരാറില്‍ ഒപ്പിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ധമനമന്ത്രി നിര്‍മല സീതാരാമന്‍. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ് സീതാരാമന്‍ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും യോഗങ്ങളിലും ജി 20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലും അവര്‍ പങ്കെടുക്കുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായും അവര്‍ കൂടിക്കാഴ്ച നടത്തുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിലെ ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നിലധികം ചര്‍ച്ചകള്‍ നടക്കുന്ന ഒരാഴ്ചയ്ക്കിടെയാണ് അവരുടെ സന്ദര്‍ശനം.

ഉയര്‍ന്ന യുഎസ് താരിഫുകള്‍ ഒഴിവാക്കാനും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ന്യൂഡല്‍ഹി ശ്രമിച്ചുവരികയാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്കായി ഏപ്രില്‍ 9 ന് ട്രംപ് പ്രഖ്യാപിച്ച താരിഫ് വര്‍ധനവില്‍ 90 ദിവസത്തെ താല്‍ക്കാലിക വിരാമത്തിനുള്ളില്‍ വാഷിംഗ്ടണുമായി ഒരു താല്‍ക്കാലിക കരാര്‍ ഉറപ്പിക്കാനാകുമെന്ന് ന്യൂഡല്‍ഹി പ്രതീക്ഷിക്കുന്നു.

കരാറിന്റെ ഭാഗമായി 2024 ല്‍ മൊത്തം 41.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസില്‍ നിന്നുള്ള ഇറക്കുമതിയുടെ പകുതിയിലധികവും തീരുവ കുറയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, അവരുടെ ദ്വിമുഖ ഉഭയകക്ഷി വ്യാപാരം 2024 ല്‍ 129 ബില്യണ്‍ ഡോളറിലെത്തി, ഇന്ത്യയ്ക്ക് അനുകൂലമായി 45.7 ബില്യണ്‍ ഡോളര്‍ മിച്ചം ഉണ്ടെന്ന് യുഎസ് സര്‍ക്കാര്‍ വ്യാപാര ഡാറ്റ കാണിക്കുന്നു. 

Tags:    

Similar News