ഇഎംഐയില്‍ ബംപര്‍ കുറവ് വരുമോ? പ്രവചനം ഇങ്ങനെ

ഡിസംബറില്‍ റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

Update: 2025-11-19 10:30 GMT

ബാങ്ക് വായ്പാ ഇടപാടുകാരെ കാത്തിരിക്കുന്നത് പലിശനിരക്കില്‍ കൂടുതല്‍ ആശ്വാസമോ? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പണനയം പ്രഖ്യാപിക്കാനിരിക്കേ, അടിസ്ഥാന പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നമെന്ന പ്രതീക്ഷകള്‍ ശക്തം.

പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകാനുള്ള അനുകൂലഘടകങ്ങള്‍ നിരവധി. നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായാല്‍ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകളും തയാറാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ പ്രവചനം നടത്തിയിരിക്കുന്നത് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ്. ഡിസംബറില്‍ റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് പ്രവചനം. കാല്‍ ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിസംബറിലെ ധനനയ യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചാല്‍ പലിശ നിരക്ക് 5.25 ശതമാനമായി മാറും.ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി താഴെയായി വരുന്നതാണ് പ്രവചനത്തിന് ബലം നല്‍കുന്നതെന്നും ബ്രോക്കറേജ് വ്യക്തമാക്കി. എന്നാല്‍ കാത്തിരുന്ന് കാണുക എന്ന നയ നിലപാട് റിസര്‍വ് ബാങ്ക് തുടരും. പലിശ നിരക്കുകള്‍, പണലഭ്യത, റെഗുലേറ്ററി മാറ്റങ്ങള്‍ എന്നിവ പരിഗണിച്ചേ മുന്നോട്ടോക്ക് നിരക്ക് മാറ്റത്തെ കുറിച്ച് ആലോചിക്കു. 2026-27 സാമ്പത്തിക വര്‍ഷത്തോടെ, പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് അടുത്തേക്ക് ഉയര്‍ന്ന് സ്ഥിരത കൈവരിക്കും. ദുര്‍ബലമായ ബേസ് ഇഫക്ട് കാരണം ഭക്ഷ്യവിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായേക്കാം.എണ്ണ, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിച്ചുള്ള കോര്‍ പണപ്പെരുപ്പം 4% മുതല്‍ 4.2% വരെ സ്ഥിരമായി തുടരും. ഇത് ഉപഭോക്തൃ വികാരത്തെ ശക്തിപ്പെടുത്തുമെന്നും ബ്രോക്കറേജ് വ്യക്തമാക്കി.ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1 ശതമാനത്തിന് താഴെയായി സ്ഥിരമായി തുടരും. ശക്തമായ ഫോറെക്സ് കരുതല്‍ ശേഖരവും കുറഞ്ഞ കടബാധ്യതയും കാരണം ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് ശക്തമായി നിലനില്‍ക്കുന്നു.

ആഗോളതലത്തിലുള്ള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും, രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിതമായി തുടരുന്നത് ആര്‍ബിഐക്ക് നിരക്ക് കുറയ്ക്കാന്‍ അവസരം നല്‍കുന്നു. ഡിസംബറിലെ ഈ 25 ബേസിസ് പോയിന്റ് കുറവ് ഓഹരി വിപണിക്ക് ഒരു പോസിറ്റീവ് ട്രിഗറാകാനും നിക്ഷേപകര്‍ക്ക് ആശ്വാസകരമാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Tags:    

Similar News