വളര്‍ച്ചയില്‍ ഇന്ത്യ തിളങ്ങുമെന്ന് ലോകബാങ്ക്
താരിഫ് പ്രതിസന്ധികള്‍ക്കിടെയാണ് ലോകബാങ്ക് വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തിയത്
ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യ തിളങ്ങുമെന്ന് ലോകബാങ്ക്. വളര്‍ച്ചാ അനുമാനം 6.5 ശതമാനമായി ഉയര്‍ത്തി. കരുത്തോടെ നയിക്കുക ഉപഭോക്തൃവിപണിയെന്നും പരാമര്‍ശം.
മുന്‍പ് 6.3 ശതമാനം വളര്‍ച്ചയായിരുന്നു ലോകബാങ്കിന്റെ പ്രവചനം. ആഗോള വിപണി താരിഫ് അടക്കം നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇതിനിടെയാണ് വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തിയതെന്നത് പ്രസക്തമാണ്.
കേന്ദ്രസര്‍ക്കാരിന്റെ നയപരിഷ്‌കാരങ്ങള്‍ ആഭ്യന്തര ഉപഭോഗ വിപണിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കരുത്താകും. അതിനാല്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 2027 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് വെട്ടിക്കുറച്ചു. 20 ബേസിസ് പോയിന്റ് താഴ്ത്തി 6.3 ശതമാനമാക്കിയാണ് പരിഷ്‌കരിച്ചിരിക്കുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലുണ്ടായ താരിഫ് ആഘാതമാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.
ദക്ഷിണേഷ്യയുടെ വളര്‍ച്ച 6.6 ശതമാനത്തിലെത്തുമെന്നും പ്രവചനത്തിലുണ്ട്. എന്നാല്‍ താരിഫ് കാരണത്താല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇത് 5.8 ശതമാനമായും കുറച്ചു. അതായത് താരിഫ് ആഘാതം നടപ്പ് വര്‍ഷത്തേക്കാള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെയായിരിക്കും ബാധിക്കുകയെന്നര്‍ഥം. എങ്കിലും ഇന്ത്യ താരതമ്യേന മികച്ച നിലയിലാണെന്നാണ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
