ആഗോള മെഗാ ഭക്ഷ്യമേള 25 മുതല്‍
വേള്‍ഡ് ഫുഡ് ഇന്ത്യ 2025 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ആഗോള മെഗാ ഭക്ഷ്യമേളയായ വേള്‍ഡ് ഫുഡ് ഇന്ത്യ 2025-ന്റെ നാലാം പതിപ്പ് ഈ മാസം 25 ന് ന്യൂഡെല്‍ഹിയില്‍ ആരംഭിക്കും. പ്രഗതി മൈതാനത്ത് ഭാരത് മണ്ഡപത്തില്‍ നടക്കുന്ന മേള പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യയെ 'ലോകത്തിന്റെ ഭക്ഷ്യ കേന്ദ്രം' ആക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. ഭക്ഷ്യ സംസ്‌കരണ മന്ത്രാലയമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 28 വരെ നീണ്ടുനില്‍ക്കുന്ന രണ്ടായിരത്തിലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. മേളയില്‍ വിജ്ഞാന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, മേഖലാ പ്രദര്‍ശനങ്ങള്‍, തന്ത്രപരമായ പങ്കാളിത്തവും സഹകരണവും സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബി2ബി, ബി2ജി നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍, പാചക അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെടും.
ഈ വര്‍ഷം, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ എന്നിവയെ പങ്കാളി രാജ്യങ്ങളാക്കി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം ജപ്പാന്‍, യുഎഇ, വിയറ്റ്‌നാം, റഷ്യ എന്നിവ ഫോക്കസ് രാജ്യങ്ങളായി പങ്കെടുക്കും. ഈ രാജ്യങ്ങളുടെ പങ്കാളിത്തം ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും വിജ്ഞാന വിനിമയം വര്‍ദ്ധിപ്പിക്കുകയും ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
എഫ്എസ്എസ്എഐയുടെ മൂന്നാമത് ഗ്ലോബല്‍ ഫുഡ് റെഗുലേറ്റേഴ്സ് ഉച്ചകോടി, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎഐ) സംഘടിപ്പിക്കുന്ന 24-ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോ (ഐഐഎസ്എസ്) എന്നിവയും ഇതിനൊപ്പം നടക്കും.
ഇന്ത്യയുടെ അതിവേഗം വളരുന്ന ഭക്ഷ്യ സംസ്‌കരണ ആവാസവ്യവസ്ഥയിലെ അവസരങ്ങള്‍ കണ്ടെത്തുന്നതിനും സഹകരിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമായി ഒരു പ്രധാന അന്താരാഷ്ട്ര വേദിയായി മേള മാറും. ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലെ പ്രദര്‍ശകരുടെ ഒരു വലിയ നിര പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
