ഡബ്‌ളിയു ടി ഒ: നയപരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്ന് ഇന്ത്യ
മാറ്റങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തണം
ലോക വ്യാപാര സംഘടനയുടെ നയപരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രം. മാറ്റങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തണമെന്നും ആവശ്യം.
ഏതാനും വികസിത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയല്ലാതെ ആഗോള ക്ഷേമത്തിനായാണ് ലോക വ്യാപാര സംഘടന നിലകൊള്ളേണ്ടതെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അഭിപ്രായപ്പെട്ടത് .ലോകം ഇന്ത്യയുടെ കരുത്തും നേതൃത്വവും തിരിച്ചറിയുന്നുണ്ടെന്നും, ഒരു ഉത്തരവാദിത്തമുള്ള ആഗോള പൗരന്‍ എന്ന നിലയില്‍ 'ഗ്ലോബല്‍ സൗത്തിന്റെ' ശബ്ദമായി ഇന്ത്യ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സി.ഐ.ഐ. പങ്കാളിത്ത ഉച്ചകോടിയ്ക്കിടെ മന്ത്രി പീയുഷ് ഗോയലും ഇക്കാര്യം പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ പരിഷ്‌കരണ പ്രക്രിയയില്‍ ഇന്ത്യ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഒകോന്‍ജോ ഇവിയേലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇവിയേലയും എത്തിയിരുന്നു. അതേസമയം, അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ലോകവ്യാപാര സംഘടനയുടെ പരിഷ്‌കരണത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തര്‍ക്ക പരിഹാര സംവിധാനം, വികസ്വര രാജ്യങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന , കരാറുകള്‍ ചര്‍ച്ച ചെയ്യുന്ന രീതി എന്നിവയിലെല്ലാം അവര്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, നയമാറ്റ അജണ്ട എല്ലാ അംഗരാജ്യങ്ങളും തമ്മിലുള്ള സമവായത്തിലൂടെ മാത്രം തീരുമാനിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്.
