വിമാനം വൈകി, ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍; വിഡിയോ വൈറല്‍

  • കനത്ത മൂടല്‍മഞ്ഞ് ഉത്തരേന്ത്യയിലെ വിമാന ഗതാഗതത്തെ ബാധിച്ചു
  • 13 മണിക്കൂറിലധികം വിമാനം വൈകിയതില്‍ യാത്രക്കാരന്‍ പ്രകോപിതനായി
  • പൈലറ്റിനെ മര്‍ദിച്ചതില്‍ എതിര്‍പ്പുമായി സോഷ്യല്‍മീഡിയ

Update: 2024-01-15 07:13 GMT

പതിമൂന്ന് മണിക്കൂറുകള്‍ വൈകിയും വിമാനം യാത്ര പുറപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനത്തില്‍ അനിഷ്‍ട സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം ഇനിയും വൈകുമെന്ന് പ്രഖ്യാപിക്കാനെത്തിയ പൈലറ്റിനെ പുറകിലെ നിരയില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ പാഞ്ഞുവന്ന് മര്‍ദിക്കുകയായിരുന്നു. വിമാനം വൈകുന്നതിലും സമയക്രമത്തിലും പൈലറ്റിന് ഒന്നും ചെയ്യാനില്ലാ എന്നിരിക്കെ തീര്‍ത്തും തെറ്റായ പെരുമാറ്റമാണ് യാത്രക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായത്.

സംഭവത്തിന്‍റെ ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മോശം കാലവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നത് ഇപ്പോള്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ പതിവായിരിക്കുകയാണ്. ഈ സംഭവവും ഡെല്‍ഹിയിലാണ് നടന്നിട്ടുള്ളതെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇന്‍ഡിഗോ ഇക്കാര്യത്തില്‍ ഔദ്യോഗികയമായി പ്രതികരണം അറിയിച്ചിട്ടില്ല.

ഉത്തരേന്ത്യയിലെ കനത്ത മൂടല്‍ മഞ്ഞ് മൂലം ജനുവരി 14ന് നിരവധി വിമാനങ്ങളുടെ പ്രവര്‍ത്തനം ബാധിക്കപ്പെട്ടു എന്ന് മാത്രമാണ് ഇന്‍ഡിഗോയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്നും ഡെല്‍ഹി വിമാനത്താവളത്തിലെ സര്‍വീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചു. പുലര്‍ച്ചെ നാലു വിമാനങ്ങള്‍ ജയ്പൂർ വഴിയും ഒരു വിമാനം അഹമ്മദാബാദ് വഴിയും തിരിച്ചുവിട്ടു.

ഞായറാഴ്ച , 10 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയും ചെയ്തു, കാരണം ദൃശ്യപരത കുറവും ഇടതൂർന്ന മൂടൽമഞ്ഞും വിമാനത്താവള പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

Tags:    

Similar News