5 വര്‍ഷത്തില്‍ ഇന്ത്യയുടെ ഇ-വേസ്റ്റ് വർധിച്ചത് 9 ലക്ഷം ടണ്‍

  • ഇ-വേസ്റ്റ് സൃഷ്ടിയില്‍ പ്രതിവര്‍ഷം 20% വളര്‍ച്ച
  • റീസെക്കിള്‍ ചെയ്യാനെത്തുന്നത് 5.27 ലക്ഷം ടണ്‍ ഇ-വേസ്റ്റ് മാത്രം

Update: 2023-04-08 07:38 GMT

അഞ്ചു വര്‍ഷക്കാലയളവിനിടെ ഇന്ത്യയുടെ പ്രതിവര്‍ഷ ഇ-വേസ്റ്റ് സൃഷ്ടിയിലുണ്ടായത് 9 ലക്ഷം ടണ്ണിന്റെ വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.08 ലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ ഇ-വേസ്റ്റ് എങ്കില്‍ അത് 2021-22 ആയപ്പോഴേക്കും 16.01 ലക്ഷം ടണ്ണായി ഉയര്‍ന്നെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡാറ്റ അനുസരിച്ച് പ്രതിവര്‍ഷം 20 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഇ-വേസ്റ്റ് സൃഷ്ടിയില്‍ ഉണ്ടാകുന്നത്. ഭാവി വളര്‍ച്ചയെ നയിക്കുന്ന നിര്‍ണായക ഘടകങ്ങളിലൊന്നായി ഇ-വേസ്റ്റ് മാനേജ്‌മെന്റിനെ വിലയിരുത്തുന്ന പഠനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ കണക്കുകള്‍.

2016ലെ ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) ചട്ടം അനുസരിച്ച് 21 തരത്തിലുള്ള ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് എക്യുപ്‌മെന്റുകളാണ് ഇ-വേസ്റ്റ് ആയി മാറ്റപ്പെടുന്നത്. രാജ്യത്ത് നിലവില്‍ ഇ-വേസ്റ്റ് റീസൈക്കിളിംഗിനായി 567 അംഗീകൃത സ്ഥാപനങ്ങളാണ് ഉള്ളത്. ഇവയ്ക്ക് മൊത്തം ഒരു വര്‍ഷം 17.22 ലക്ഷം ടണ്‍ ഇ-വേസ്റ്റ് റീസൈക്കിള്‍ ചെയ്യുന്നതിനുള്ള ശേഷിയുണ്ടെങ്കിലും പ്രതിവര്‍ഷം ശരാശരി 5.27 ലക്ഷം ടണ്‍ ഇ-വേസ്റ്റ് മാത്രമാണ് സമാഹരിക്കപ്പെട്ട റീസൈക്കിളിംഗിനായി എത്തുന്നത്. ഇ-വേസ്റ്റ് കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാകേണ്ടതിന്റെ ആവശ്യകതയെ പറ്റി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചിരുന്നു.

ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) ചട്ടം അനുസരിച്ച്, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യവസായ വകുപ്പിനെ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെയോ ഇ-വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനുള്ള സജ്ജീകരണമൊരുക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യാവസായിക പാര്‍ക്ക്, എസ്റ്റേറ്റ്, വ്യാവസായിക ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ ഇത് നടപ്പാക്കേണ്ടതുണ്ടെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) ചട്ടം ഈ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News