നഷ്ടം സഹിച്ചും ചലച്ചിത്രോൽസവത്തിന് സ്പെഷ്യൽ ബസ്സുമായി കെഎസ്ആർടിസി

  • സൗജന്യ നിരക്കിൽ രാവിലെ 9 മുതൽ രാത്രി 10 വരെയാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.
  • ഇലക്ട്രിക് ബസുകൾ പ്രതിനിധികളുടെ യാത്രക്ക് ഒരു പരിഹാരമായേക്കുമെന്ന് കെഎസ്ആർടിസി ചീഫ് ട്രാഫിക് മാനേജർ എൻ കെ ജേക്കബ് സാം ലോപ്പസ്.

Update: 2022-12-10 13:07 GMT

തിരുവനന്തപുരം: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള-യുടെ വേദിയിൽ എത്തുന്നവർക്കായി ചലച്ചിത്ര ആക്കാദമിയും കെഎസ്ആർടിസിയും സംയുക്തമായി ചേർന്ന് യാത്ര സൗകര്യം ഒരുക്കുന്നു. സൗജന്യ നിരക്കിൽ രാവിലെ 9 മുതൽ രാത്രി 10 വരെയാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.

ഇതിനായി നിലവിൽ 2 ഇലക്ട്രിക്ക് ബസുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം വ്യത്യസ്ത ദിശകളിലായി ചലച്ചിത്രോത്സവം നടക്കുന്ന തിയേറ്ററുകൾക്ക് സമീപത്തിലൂടെ നിരന്തരം ഇവ സർവീസ് നടത്തും. ഇതിലൂടെ ഡെലിഗേറ്റുകൾക്ക് സുഗമമായി ആഗ്രഹിക്കുന്ന തീയേറ്റിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ സേവനം ചലച്ചിത്രോത്സവം ആരംഭിച്ച ദിവസം മുതൽ അവസാനിക്കുന്ന ദിവസം വരെ ലഭ്യമാകും.

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ എത്തുന്നവരെ പ്രധാനമായും അലട്ടിയിരുന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുകയാണ്.



" Iffk പ്രതിനിധികൾ യാത്രക്കായ് മാത്രം ചിലവാക്കുന്ന ഭീമമായ തുക ഇതിലൂടെ വെട്ടി ചുരുക്കി മറ്റ് ചിലവുകൾക്ക് വിനിയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗതാഗതം സുഖമാക്കുന്നതിന്റെ ഭാഗമായി പോയ വർഷത്തിൽ അക്കാദമി തന്നെ ഓട്ടോസർവീസ് നടത്തിയിരുന്നു. സ്വകാര്യ ഓട്ടോ സർവീസുകളെ ആശ്രയിക്കുമ്പോൾ ഭീമമായ തുകയാണ് പ്രതിനിധികളുടെ കയ്യിൽ നിന്നും ഈടാക്കുന്നത്. ആയതിനാൽ ഇലക്ട്രിക് ബസുകൾ അതിനൊരു പരിഹാരം ആയേക്കുമെന്ന്" കെഎസ്ആർടിസി ചീഫ് ട്രാഫിക് മാനേജർ എൻ കെ ജേക്കബ് സാം ലോപ്പസ് പറഞ്ഞു.

കിഴക്കേക്കോട്ട ശ്രീപത്മനാഭ തിയേറ്ററിൽ നിന്നും യാത്ര ആരംഭിക്കുന്ന സർവീസ് കൈരളി തീയേറ്റർ ന്യൂ തിയേറ്റർ ആയുർവേദ കോളേജ് വഴി വഴുതക്കാട് ടാഗോർ തിയേറ്റർ കലാഭവൻ തുടങ്ങിയിടങ്ങളിൽ പ്രതിനിധികൾക്കായിട്ട് സർവീസ് നടത്തിയതിന് ശേഷം ശ്രീപത്മനാഭയിലേക്ക് തന്നെ തിരിച്ചെത്തും.രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ടാഗോർ തിയേറ്റർ കേന്ദ്രീകരിച്ച് സർവീസ് ഉണ്ടാവുക അതിനുശേഷം വൈകുന്നേരത്തെ സർവീസ് നിശാഗന്ധിയിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. പ്രതിനിധികൾക്ക് ഈ സേവനങ്ങൾ തികച്ചും സൗജന്യമായി ലഭ്യമാകുന്നതാണ്.




കൂടാതെ 100 രൂ. വിലയുള്ള കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് എടുക്കുന്ന ഡെലിഗേറ്റുകൾ അതേ മൂല്യമുള്ള യാത്ര സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവ്വീസുകളിലും നടത്താവുന്നതാണ്.

ഹോപ് ഓൺ - ഹോപ്പ് ഓഫ് മാതൃകയിലുള്ള സിറ്റി സർക്കുലർ സർവ്വീസുകളിൽ വെറും അൻപത് രൂപ നിരക്കിൽ 24 മണിക്കൂറും യഥേഷ്ടം സഞ്ചരിക്കാവുന്ന "ഗുഡ് ഡേ" ടിക്കറ്റും, 12 മണിക്കൂർ എത്ര യാത്ര വേണമെങ്കിലും ചെയ്യാവുന്ന " ടുഡേ ടിക്കറ്റും" ലഭ്യമാണ്. 2022 മാർച്ച് 31 വരെ സിറ്റി സർക്കുലർ ബസ്സുകളിൽ ഒരു യാത്രയ്ക്ക് വെറും 10 രൂപ മാത്രം എന്ന ആകർഷക നിരക്കിളവും ലഭ്യമാണ്. വെഞ്ഞാറമൂട്, കിളിമാനൂർ, നെയ്യാറ്റിൻകര, കാട്ടാക്കട, പൂവാർ, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിലേക്ക് റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്റ്റോപ്പിൽ നിന്ന് രാത്രിയിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും, പ്രതിനിധികൾക്ക് ബസിൽ കയറാം.

സിറ്റി സർക്കുലർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായും വിശദമായ ഗൈഡ് ബുക്ക് ഡൗൺലോഡ് ചെയ്യാനായും ഈ ലിങ്കുകൾ സന്ദർശിക്കാവുന്നതാണ്.

ksrtc:

Tags:    

Similar News