15,000 കോടിയുടെ നിക്ഷേപമില്ല, മുഖം തിരിച്ച് ഫോക്‌സ്‌കോണ്‍; സ്റ്റാലിന് തിരിച്ചടി

14,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപനം വെള്ളത്തിലായി

Update: 2025-10-15 09:53 GMT

ഫോക്സ്‌കോണ്‍ തമിഴ്നാട്ടില്‍ 15,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ വിവാദത്തിന് കാരണമായി. പുതിയ നിക്ഷേപം നടത്താന്‍ പദ്ധതിയില്ലെന്ന് കമ്പനി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വെട്ടിലായത്.

തമിഴ്നാട്ടിലെ നൂതന സാങ്കേതിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഫോക്സ്‌കോണ്‍ ഒരു പ്രധാന പുതിയ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യവസായ മന്ത്രി ടിആര്‍ബിയും ചേര്‍ന്നാണ് അവകാശവാദമുന്നയിച്ചത്. എഞ്ചിനീയര്‍മാര്‍ക്കും വൈദഗ്ധ്യമുള്ള യുവാക്കള്‍ക്കും 14,000 ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപനം.

സ്റ്റാലിനും ഫോക്സ്‌കോണിന്റെ ഇന്ത്യന്‍ പ്രതിനിധി റോബര്‍ട്ട് വൂവും ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

എന്നാല്‍ ഈ പ്രഖ്യാപനത്തിന് അധികനേരം ആയുസുണ്ടായില്ല.ഫോക്‌സ്‌കോണ്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് വിശദീകരണമം നല്‍കുകയായിരുന്നു.

തങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും, കൂടിക്കാഴ്ചയില്‍ പുതിയ നിക്ഷേപ വാഗ്ദാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളില്‍ ഒന്നായ കമ്പനി, തമിഴ്നാട്ടിലെ കമ്പനിയുടെ നിലവിലുള്ള സഹകരണത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പറഞ്ഞു. 15,000 കോടി രൂപയുടെ വിപുലീകരണത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പരസ്യ അവകാശവാദത്തിന് ഈ വിശദീകരണം വിരുദ്ധമായിരുന്നു.

എന്നാല്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നിട്ടും, സംസ്ഥാന വ്യവസായ മന്ത്രി യോഗത്തിന്റെ ഫലത്തെ ന്യായീകരിച്ചു.ഗൈഡന്‍സ് തമിഴ്നാട്ടില്‍ ഇന്ത്യയിലെ ആദ്യത്തെ 'ഫോക്സ്‌കോണ്‍ ഡെസ്‌ക്' സൃഷ്ടിച്ചതിനെ മന്ത്രി എടുത്തുകാണിച്ചു.

ഫോക്സ്‌കോണ്‍ പദ്ധതികള്‍ വേഗത്തിലാക്കാനും നിക്ഷേപക ഇടപെടല്‍ സുഗമമാക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 'മിഷന്‍-മോഡ് എക്‌സിക്യൂഷന്‍' ഉറപ്പാക്കാനും ഈ ഡെസ്‌ക് ഒരു ഏകോപന കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് രാജ പറഞ്ഞു.

വ്യാജ പ്രഖ്യാപനം നടത്തിയ തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ നിക്ഷേപ അവകാശവാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ ആരോപിച്ചു. 

Tags:    

Similar News