ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടനെന്ന് ട്രംപ്
സുന്ദരനും കടുപ്പക്കാരനുമാണ് മോദിയെന്ന് യുഎസ് പ്രസിഡന്റ്
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറിനുള്ള ചട്ടക്കൂട് പൂര്‍ത്തിയാക്കുന്നതിലേക്ക് ഇരു രാജ്യങ്ങളും അടുക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കൊറിയയിലെ ജിയോങ്ജുവില്‍ നടന്ന എപിഇസി സിഇഒമാരുടെ ഉച്ചഭക്ഷണ പരിപാടിയില്‍ സംസാരിക്കവേ ട്രംപ് മോദിയെ പ്രശംസിക്കുകയും ചെയ്തു. ഏറ്റവും സുന്ദരനായ വ്യക്തിയെന്നാണ് ട്രംപ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. ഒപ്പം മോദി കടുപ്പക്കാരനാണെന്നും പ്രസിഡന്റ് പറഞ്ഞു. വ്യാപാരത്തെയും വിദേശനയത്തെയും കുറിച്ചുള്ള ഒരു പ്രസംഗത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ വന്നത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് 250% തീരുവ ചുമത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാപാര ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും, ഇന്ത്യന്‍ കയറ്റുമതിയിലെ യുഎസ് തീരുവ കുറയ്ക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ചര്‍ച്ചകളെക്കുറിച്ച് പരിചയമുള്ള ആളുകള്‍ വ്യക്തമാക്കി. താരിഫ് നിലവിലുള്ള 50% ല്‍ നിന്ന് 15% ആയി കുറയ്ക്കാമെന്ന നിര്‍ദ്ദേശം ചര്‍ച്ചയിലാണ്.
കരാര്‍ പൂര്‍ത്തിയായാല്‍ വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ശത്രുതയുടെ സമയത്ത് ഇരുപക്ഷവുമായും യുഎസ് വ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്ന് മോദിയോടും പാക്കിസ്ഥാന്‍ നേതൃത്വത്തോടും പറഞ്ഞതായി ട്രംപ് വ്യക്തമാക്കി.
