ടെസ്ല 3,878 സൈബര്‍ ട്രക്കുകള്‍ തിരിച്ചുവിളിച്ചു

  • തകരാറിലായ ആക്‌സിലറേറ്റര്‍ പെഡല്‍ കാരണം അപ്രതീക്ഷിതമായി വാഹനത്തിന്റെ വേഗത കൂടും
  • 2024 ന്റെ ആദ്യ പാദത്തില്‍ 2.4 ദശലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു
  • ടെസ്ല യുഎസില്‍ ഏകദേശം 2.2 ദശലക്ഷം വാഹനങ്ങള്‍ ഫെബ്രുവരിയില്‍ തിരിച്ചുവിളിച്ചിരുന്നു

Update: 2024-04-20 09:57 GMT

ആക്‌സിലറേറ്റര്‍ പെഡല്‍ പാഡ് ശരിയാക്കാന്‍ ടെസ്‌ല 3,878 സൈബര്‍ ട്രക്കുകള്‍ തിരിച്ചുവിളിക്കുന്നതായി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കേടായ ആക്‌സിലറേറ്റര്‍ പെഡല്‍ കാരണം വാഹനം അപ്രതീക്ഷിതമായി വേഗത കൂടിപ്പോകാന്‍ ഇടയാക്കും. തത്ഫലമായി വാഹനം അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണെന്ന് സേഫ്റ്റി റെഗുലേറ്റര്‍ അഭിപ്രായപ്പെട്ടു.

ഉത്പാദന പ്രശ്‌നങ്ങളും ബാറ്ററി വിതരണ പരിമിതിയും കാരണം രണ്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സൈബര്‍ട്രക്ക് ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ഡെലിവറി ആരംഭിച്ചത്.

2024 ന്റെ ആദ്യ പാദത്തില്‍ ഇവി കാര്‍നിര്‍മ്മാതാവ് മൂന്ന് തവണ വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി റീകോള്‍ മാനേജ്‌മെന്റ് സ്ഥാപനമായ ബിസികാര്‍ അഭിപ്രായപ്പെട്ടു. 2.4 ദശലക്ഷം വാഹനങ്ങളെയാണ് ഇത് ബാധിച്ചത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി സാധാരണയായി പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ട്.

വാണിംഗ് ലൈറ്റുകളിലെ തെറ്റായ ഫോണ്ട് വലിപ്പം കാരണം ടെസ്ല യുഎസില്‍ ഏകദേശം 2.2 ദശലക്ഷം വാഹനങ്ങള്‍ ഫെബ്രുവരിയില്‍ തിരിച്ചുവിളിച്ചിരുന്നു.

Tags:    

Similar News