ജോലി നഷ്ടപ്പെട്ട എച്ച്1 ബി വിസ ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത;ഒരു വര്‍ഷം യുഎസില്‍ താമസിച്ച് ജോലി ചെയ്യാം
- ഗൂഗിള്‍,ടെസ്ല,വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
- പുതിയ വിസയ്ക്ക് അപേക്ഷ നല്‍കിയാലുടന്‍ ജോലി അന്വേഷിക്കാം
- അപേക്ഷകളില്‍ തീരുമാനമാകും വരെ ഒരു വര്‍ഷം യുഎസില്‍ താമസിച്ച് ജോലി ചെയ്യാം
യുഎസില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള എച്ച്1ബി വിസ ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്ത. ഒരു വര്‍ഷം യുഎസില്‍ താമസിച്ച് ജോലി ചെയ്യാമെന്ന് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു. യുഎസില്‍ ഗൂഗിള്‍,ടെസ്ല,വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ അടുത്തിടെ അനവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
ജോലി നഷ്ടപ്പെട്ട ഈ എച്ച്1ബി വിസക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണ് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ വിസയ്ക്ക് അപേക്ഷ നല്‍കിയാലുടന്‍ ജോലി അന്വേഷിക്കാം. നോണ്‍ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവില്‍ നല്‍കേണ്ടതാണ്. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നല്‍കിയാല്‍ ഒരു വര്‍ഷത്തെ എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റിനും അര്‍ഹത നേടും. കൂടാതെ തൊഴിലുടമയെ മാറുന്നതിനും അപേക്ഷ നല്‍കാം.
കുടിയേറ്റ വിസയ്ക്ക് അര്‍ഹതയുള്ള ജോലിക്കാര്‍ക്ക് അതിനുള്ള അപേക്ഷയും നല്‍കാം. ഈ അപേക്ഷകളില്‍ തീരുമാനമാകും വരെ ഒരു വര്‍ഷം എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് അനുസരിച്ച് യുഎസില്‍ താമസിച്ച് ജോലി ചെയ്യാവുന്നതാണ്. ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള യുഎസിലെ വിദേശ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും ഈ തീരുമാനം.
എന്താണ് എച്ച്-1 ബി വിസ:
എച്ച്-1ബി വിസ എന്നത് ഒരു പ്രത്യേക നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ ഒരു നിശ്ചിത സമയത്തേക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലിക്ക് നിയമിക്കുന്നതിന് യുഎസ് തൊഴിലുടമകളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര തൊഴില്‍ വിസയാണ്. സാധാരണഗതിയില്‍, ഈ റോളുകള്‍ക്ക് ഒരു ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യമോ ആവശ്യമാണ്. സാങ്കേതികവിദ്യ, ധനകാര്യം, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ അതിലേറെയും പോലുള്ള മേഖലകളാണ് എച്ച് 1 ബി വിസയ്ക്ക് യോഗ്യത നേടുന്ന തൊഴിലുകള്‍.