മഞ്ഞുമലയിലും ഉഷ്ണതരംഗം; രക്ഷയില്ലാതെ യൂറോപ്പ്

  • യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
  • തണുപ്പുതേടി വിനോദ സഞ്ചാരികള്‍ നെട്ടോട്ടത്തില്‍
  • കൊടുചൂട് ഈമാസം അവസാനംവരെയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Update: 2023-07-19 08:22 GMT

കൊടുചൂടില്‍ ഉരുകിയൊലിച്ച് യൂറോപ്പ്. ഉയര്‍ന്നതാപ നിലയിലും ഉഷ്ണതരംഗത്തിലും ജനം വാടിത്തളര്‍ന്നു. പര്‍വതപ്രദേശങ്ങളില്‍ പോലും താപനില നാല്‍പ്പത് ഡിഗ്രിയിലെത്തി. അപ്പോള്‍ സമതലങ്ങളിലെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത്യാവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കണം എന്നുള്ള മുന്നറിയിപ്പുകള്‍ വരെ പലയിടത്തും പ്രാദേശികതലങ്ങളില്‍ പുറത്തുവന്നു. സമാനതകളില്ലാത്ത അവസ്ഥയിലൂടെയാണ് ജനം കടന്നുപോകുന്നത്.

ഇത് യൂറോപ്പിലെ ഒരു യാത്രാ സീസണാണ്. മുന്‍കൂട്ടി ബുക്കുചെയ്തിരുന്നവര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് പറന്നിറങ്ങുന്നുണ്ട.് എത്തുന്നവരില്‍ ഉഷ്ണ മേഖലാ രാജ്യങ്ങളിലെ സഞ്ചാരികള്‍ ഒഴികെ ബാക്കിയുള്ളവര്‍ ഇന്ന് തീക്കാറ്റില്‍ ഉലയുകയാണ്. അടുത്ത കുറച്ച് ദിവസങ്ങളില്‍ വടക്കന്‍ അര്‍ധഗോളത്തിലെ ഉഷ്ണതരംഗം കൂടുതല്‍ തീവ്രമാകുമെന്ന് ലോക കാലാവസ്ഥാ സംഘടന പ്രവചിച്ചിട്ടുമുണ്ട്.

ഇറ്റലിയില്‍ ബുധനാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കുമെന്ന്് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിനോദസഞ്ചാരികള്‍ ജലധാരകളില്‍ തല തണുപ്പിച്ചും ഭീമകാരമായ ഫാനുകള്‍ക്കുതാഴെ ആശ്വാസം തേടിയും കൂട്ടംകൂന്നു. പലരും യാത്രകള്‍ വെട്ടിക്കുറയ്ക്കുകയുമാണ്. യാത്രകര്‍ പലരും അസ്വസ്ഥരാണ്. പലരും ചികിത്സ തേടി.

തെക്കന്‍ ഫ്രാന്‍സില്‍, ആല്‍പൈന്‍ സ്‌കീ റിസോര്‍ട്ടായ ആല്‍പ് ഡി ഹ്യൂസില്‍ 29.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍, പൈറീനീസ് പര്‍വതനിരകളിലെ വെര്‍ഡൂണില്‍ ആദ്യമായി 40.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പര്‍വത പ്രദേശങ്ങളില്‍തന്നെ കൊടുംചൂട് അനുഭവപ്പെട്ടുതുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍, അത് വളരെ വളരെ ചൂടുള്ള അനുഭവം മാത്രമാണ് പകര്‍ന്നു നല്‍കുക എന്ന സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇറ്റലി, വടക്കുകിഴക്കന്‍ സ്‌പെയിന്‍, ക്രൊയേഷ്യ, സെര്‍ബിയ, തെക്കന്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, മോണ്ടിനെഗ്രോ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇറ്റലിയില്‍ തന്നെ 20 നഗരങ്ങള്‍ ചൊവ്വാഴ്ച ഉഷ്ണതരംഗത്തിന്റെ മുന്നറിയിപ്പിലാണ് ഉള്ളത്. ബുധനാഴ്ച് മുതല്‍ ഇത് 23 ആയി ഉയരും. ചൂട് ക്രമാതീതമാകുന്ന സാഹചര്യത്തിലാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. അത് മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണിയാണ്.

നിങ്ങള്‍ ഇപ്പോള്‍ യൂറോപ്പില്‍ യാത്ര ചെയ്യാന്‍ പ്ലാനിടുകയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് ചൂടില്‍ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ് ഏവരും മുന്നറിയിപ്പ് നല്‍കുന്നു. ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങള്‍ ഒഴിവാക്കുക, ജലാംശം നിലനിര്‍ത്തുക എന്നിവയും പ്രധാനമാണ്. മദ്യപാനം നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ അത് ഒഴിവാക്കണം. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് അസുഖമുണ്ടെങ്കില്‍, യാത്ര റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളോ ചൂടിന്റെ അപകടസാധ്യതയോ കാരണം പല യാത്രക്കാരും ബുക്കിംഗ് റദ്ദാക്കുകയോ തണുത്ത സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യുകയാണ്.

എന്നാല്‍ യൂറോ ന്യൂസിന്റെ റിപ്പോര്‍ട്ടുപ്രകാരം തീവ്രമായ താപനില ഉണ്ടായിരുന്നിട്ടും, ഫ്‌ളൈറ്റുകളും പാക്കേജ് അവധി ദിനങ്ങളും സാധാരണ പോലെ തുടരുന്നു. സ്റ്റാന്‍ഡേര്‍ഡ് റദ്ദാക്കല്‍ നയങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.

40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ദുബൈ, ഈജിപ്ത് തുടങ്ങിയ ചൂടുള്ള രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ ഇലപ്പോഴും യൂറോപ്പ്് സന്ദര്‍ശിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രാവല്‍ കമ്പനികള്‍ യാത്രാവിലക്കിനെ പ്രതിരോധിക്കുന്നു.

വളരെ ചൂടുള്ള കാലാവസ്ഥ ജൂലൈ അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില കുറയും എന്ന സൂചനയുണ്ട്.

Tags:    

Similar News