സ്പീഡ് പോസ്റ്റിന് മൂന്നിരട്ടിയിലധികം നിരക്ക് വർധന; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
രജിസ്ട്രേഷൻ സേവനം ആവശ്യമുണ്ടെങ്കിൽ ഇനി അധിക നിരക്ക്
ദീർഘകാലമായി തപാൽ വകുപ്പ് നൽകിയിരുന്ന രജിസ്റ്റേഡ് സേവനങ്ങൾ നിർത്തലാക്കുന്നതായുള്ള വാർത്ത വന്നത് അടുത്തിടെയാണ്. ഒക്ബോടർ ഒന്നു മുതലാണ് പഴയ രജിസ്റ്റേഡ് സേവനങ്ങൾ ഭാഗികമായി അവസാനിപ്പിച്ചത്. രജിസ്റ്റേഡ് സ്പീഡ് പോസ്റ്റുമായി ലയിപ്പിച്ചതാണ് കാരണം.സ്പീഡ് പോസ്റ്റിന് കുത്തനെ നിരക്കുയരുകയും ചെയ്തിട്ടുണ്ട്. മൂന്നിരട്ടിയിലധികം വരെ നിരക്ക് വർധനയുണ്ട്.
2012ന് ശേഷം ആദ്യമായാണ് സ്പീഡ് പോസ്റ്റുകളുടെ നിരക്ക് വർധന. എന്നാൽ സ്വകാര്യ, കൊറിയർ സർവീസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ നിരക്ക് കുറവാണ്. പാഴ്സലുകളും കത്തുകളുമൊക്കെ ഇനി വേഗത്തിൽ തന്നെ അഡ്രസ് ഉടമകൾക്ക് ലഭിക്കും എന്ന മെച്ചവുമുണ്ട്.
ലീഗൽ നോട്ടീസുകൾ, നിയമന കത്തുകൾ തുടങ്ങി പ്രധാന ആശയ വിനിമയ രേഖകളെല്ലാം നേരത്തെ രജിസ്റ്റേഡുകളായി ആയിരുന്നു അയക്കാറുള്ളത്. ഇനി ഇവയും സ്പീഡ് പോസ്റ്റുകളാ യാണ് അയക്കാൻ കഴിയുക. അതേസമയം അധിക ചാർജ് നൽകി രജിസ്ട്രേഷൻ സൗകര്യം ഉറപ്പാക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്.
രജിസ്റ്റേഡ് പുതിയ രൂപത്തിൽ
അഡ്രസ് ഉടമ തന്നെ പാഴ്സൽ കൈപ്പറ്റി എന്നുറപ്പാക്കാൻ അധിക തുക നൽകി പാഴ്സൽ, കത്തുകൾ അയക്കാം. പുതിയ ഓപ്ഷണൽ സർവീസാണിത്. രജിസട്രേഷൻ സൗകര്യം ഒരു മൂല്യവർധിത സേവനമെന്ന രീതിയിൽ ആവശ്യമെങ്കിൽ ഉറപ്പാക്കാൻ ആകും എന്ന് മാത്രം. ഇതിനായി ജിഎസ്ടിക്കും സ്പീഡ് പോസ്റ്റ് ചാർജിനും പുറമെ അഞ്ചുരൂപയാണ് അധികം നൽകേണ്ടത്. ഒടിപി അധിഷ്ഠിത സംവിധാനമാണിത്.
പുതുക്കിയ സ്പീഡ് പോസ്റ്റ് ചാർജുകൾ ഇങ്ങനെ
50 ഗ്രാം വരെയുള്ള തപാൽ ഉരുപ്പടികൾ സ്പീഡ് പോസ്റ്റായി അയക്കുന്നതിന് നേരത്തെ 19 രൂപയാണ് നിരക്ക് ഈടാക്കിയിരിക്കുന്നതെങ്കിൽ ഇനി ദൂരമനുസരിച്ച് 47 രൂപ വരെയാണ് ഈടാക്കുക. 51 ഗ്രാം മുതൽ 250 ഗ്രാം വരെയുള്ള ഉരുപ്പടികൾക്ക് 24 രൂപ വരെ ഈടാക്കിയിരുന്നത് ഇനി 77 രൂപയായി ഉയരും. 251 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള ഉരുപ്പടികൾക്ക് ഇനി 93 രൂപ വരെ നൽകേണ്ടി വരും. നേരത്തെ 28 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ജിഎസ്ടിയും ബാധകമാകും.
ഇളവുകൾ എന്തൊക്കെ?
വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്ന പാഴ്സലിന് 10 ശതമാനം കിഴിവ് ലഭ്യമാണ്. 2025 നവംബർ ഒന്നു മുതലാണ് ഇത് ബാധകമാകുക. ബൾക്കായി അയക്കുന്ന ഉപഭോക്താക്കൾക്കും പുതിയ കരാർ ഉപഭോക്താക്കൾക്കും കിഴിവ് ലഭിക്കും. കരാറുകാർക്ക് അഞ്ചുശതമാനമാണ് കിഴിവ് ലഭിക്കുക.
രജിസ്റ്റേഡിൻ്റെ പ്രാധാന്യം ഇല്ലാതാകുന്നതോടെ സ്പീഡ് പോസ്റ്റ് സംവിധാനം രാജ്യത്ത് കൂടുതൽ ശക്തിപ്പെടും. വേഗത്തിലും സുരക്ഷിതമായും പോസ്റ്റുകൾ അയക്കുന്നതിനുള്ള പ്രധാന മാർഗമായും സ്പീഡ് പോസ്റ്റുകൾ മാറും.
