ബ്ലിസ് സിറ്റി, മെട്രോ നിയോ: അഞ്ചാം വയസ്സിൽ പുതിയ പദ്ധതികളുമായി കൊച്ചി മെട്രോ

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.20 കിലോമീറ്റർ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ട്രാക്കിലാണെന്ന് അധികൃതർ. കേരളത്തിലെ ആദ്യ മെട്രൊയുടെ അഞ്ചാം വാർഷിക ദിനമാണ് ഇന്ന്. 2017 ജൂൺ 17 നാണ്‌ ആലുവ മുതൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വരെയുള്ള 13.2 കിലോമീറ്റർ കൊച്ചി മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. ആരംഭിച്ചു അഞ്ച് വർഷത്തിനുള്ളിൽ ട്രാക്ക് 13.2 കിലോമീറ്ററിൽ നിന്ന് 25 കിലോമീറ്ററായി നീട്ടുകയും ഇപ്പോൾ മെട്രോ തൃപ്പുണിത്തുറ […]

Update: 2022-06-16 03:49 GMT

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.20 കിലോമീറ്റർ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ട്രാക്കിലാണെന്ന് അധികൃതർ.

കേരളത്തിലെ ആദ്യ മെട്രൊയുടെ അഞ്ചാം വാർഷിക ദിനമാണ് ഇന്ന്.

2017 ജൂൺ 17 നാണ്‌ ആലുവ മുതൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വരെയുള്ള 13.2 കിലോമീറ്റർ കൊച്ചി മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. ആരംഭിച്ചു അഞ്ച് വർഷത്തിനുള്ളിൽ ട്രാക്ക് 13.2 കിലോമീറ്ററിൽ നിന്ന് 25 കിലോമീറ്ററായി നീട്ടുകയും ഇപ്പോൾ മെട്രോ തൃപ്പുണിത്തുറ പേട്ട വരെ എത്തുകയും ചെയ്തു.

എസ്എൻ ജംക്‌ഷനിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉടൻ തന്നെ സർവീസ് നടത്താനാണ് അധികൃതരുടെ തീരുമാനം.

നിലവിൽ വാട്ടർ മെട്രോ, കൊച്ചിയിലെ കനാലുകളുടെ നവീകരണം, തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ മെട്രോ സർവീസ് തുടങ്ങി നിരവധി അനുബന്ധ പദ്ധതികൾ മെട്രോയ്ക്ക് ഉണ്ട്.

മെട്രോ വികസിപ്പിക്കും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കും മറൈൻ ഡ്രൈവിലേക്കും മെട്രോ ട്രാക്ക് നീട്ടുകയെന്നതാണ് കമ്പനിയുടെ ഉദ്ദേശം.

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. ഇതോടൊപ്പം മൂന്നും നാലും അഞ്ചും ഘട്ട വികസനവും അധികൃതർ ആസൂത്രണം ചെയ്തിട്ടുണ്ട്.

ആലുവ-അങ്കമാലി പാതയായ മൂന്നാം ഘട്ടത്തിൽ മെട്രോ ലൈനിനെ കൊച്ചി വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഈ പദ്ധതിയുടെ മാസ്റ്റർപ്ലാൻ 2014ൽ തന്നെ തയ്യാറാക്കിയിരുന്നു. എന്നിരുന്നാലും, പുതിയ മെട്രോ മാർഗ്ഗനിർദ്ദേശങ്ങൾക്കും നവീകരിച്ച സാങ്കേതികവിദ്യകൾക്കും അനുസൃതമായി രൂപരേഖയിൽ മാറ്റങ്ങൾ കൊണ്ടുവരും. അലൈൻമെന്റുകൾ നേരത്തെ തയ്യാറാക്കിയതിനാൽ പദ്ധതി ഉടൻ നടപ്പാക്കാനാകും.

നാലാം ഘട്ടത്തിൽ തൃപ്പൂണിത്തുറയെ നേരിട്ട് കാക്കനാട് മെട്രോയുമായി ബന്ധിപ്പിക്കും.

മെട്രോ നിയോ
പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ ഏറ്റവും നൂതനമായ മെട്രോ നിയോ സ്ഥാപിക്കുന്ന കാര്യമാണ് അധികൃതരുടെ പരിഗണനയിലുള്ളത്. ഇലക്ട്രിക് ബസ് കോച്ചുകൾ ഉൾക്കൊള്ളുന്ന മെട്രോ നിയോ, എംജി റോഡിനെ ഹൈക്കോടതി, മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, റവന്യൂ ടവർ, മഹാരാജാസ് കോളേജ് എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കും.

വികസന പ്രവർത്തനങ്ങൾ
കലൂർ മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള പുതിയ പാത ഉടൻ ഉദ്ഘാടനം ചെയ്യും. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ച ശേഷമായിരിക്കും സർവീസ് ആരംഭിക്കുക. 1.8 കിലോമീറ്റർ നീളത്തിൽ വടക്കേക്കോട്ടയിലും എസ്എൻ ജംഗ്ഷനിലും രണ്ട് സ്റ്റോപ്പുകൾ ക്രമീകരിക്കുന്നുണ്ട്.

തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള അടുത്ത ഘട്ടം 2023 ജൂണിൽ ആരംഭിക്കും. ഡിസംബർ 31-നകം പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി ഉയർത്താൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ 73,000 യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

ബ്ലിസ് സിറ്റി
ടിക്കറ്റ് ഒഴികെയുള്ള സ്രോതസ്സുകളിൽ നിന്നുള്ള മെട്രോയുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി കാക്കനാട് 31 ഏക്കർ സ്ഥലത്ത് ‘ബ്ലിസ് സിറ്റി’ എന്ന പദ്ധതി സ്ഥാപിക്കാനും കൊച്ചി മെട്രോ ആലോചിക്കുന്നുണ്ട്. വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രി, വെൽനസ് സെന്റർ, വിനോദ സൗകര്യങ്ങൾ എന്നിവ പൊതുജനങ്ങൾക്കായി തുറക്കും. ഇതിലേക്ക് നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.

Tags:    

Similar News