മടക്കുംഫോണുമായി ആപ്പിളും; അടുത്ത വര്‍ഷമെന്ന് റിപ്പോര്‍ട്ട്
മടക്കാവുന്ന ഐഫോണ്‍ സംബന്ധിച്ച് തായ്വാനില്‍ പരീക്ഷണ ഉല്‍പ്പാദനം നടത്തും
ആപ്പിളിന്റെ മടക്കാവുന്ന ഐഫോണ്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ച് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തായ്വാനില്‍ പരീക്ഷണ ഉല്‍പ്പാദനത്തിനായി ആപ്പിള്‍ വിതരണക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
2026 ല്‍ അടുത്ത ലൈനപ്പില്‍ ഏകദേശം 95 ദശലക്ഷം ഫോണുകള്‍ നിര്‍മ്മിക്കാനാണ് ഐഫോണ്‍ നിര്‍മാതാവ് ലക്ഷ്യമിടുന്നത്. ഇത് ഈ വര്‍ഷത്തെ അപേക്ഷിച്ച് 10% ത്തിലധികം വര്‍ധനവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുക എന്നത് ആപ്പിളിന്റെ ദീര്‍ഘകാലമായുള്ള ലക്ഷ്യമാണെന്ന് വ്ശ്വസിക്കപ്പെടുന്നു.
തായ്വാനിലെ ആപ്പിള്‍ വിതരണക്കാരുടെ എഞ്ചിനീയറിംഗ് വിഭവങ്ങളും ആവാസവ്യവസ്ഥയും ഉപയോഗപ്പെടുത്തി, പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മിനി പൈലറ്റ് ലൈന്‍ നിര്‍മ്മിക്കുക എന്നതാണ് ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് നിക്കി റിപ്പോര്‍ട്ട് പറയുന്നു.
ഇത് വിജയകരമായാല്‍ ഫോണുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിര്‍ദ്ദേശിക്കപ്പെട്ട പൈലറ്റ് ലൈനിനായി വടക്കന്‍ തായ്വാനിലെ ഒരു നഗരത്തില്‍ സാധ്യതയുള്ള ഒരു സ്ഥലം വിതരണക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം നടന്ന വാര്‍ഷിക ഉല്‍പ്പന്ന ലോഞ്ച് പരിപാടിയില്‍, ആപ്പിള്‍ ഐഫോണുകളുടെ നവീകരിച്ച ശ്രേണിയും, കനംകുറഞ്ഞ ഐഫോണ്‍ എയറും അവതരിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ കമ്പനിയുടെ ലാഭത്തെ ബാധിച്ചിട്ടും വിലകള്‍ സ്ഥിരമായി വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.
