ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ച് ആപ്പിൾ

ഐഫോൺ കയറ്റുമതിയിൽ പുതിയ റെക്കോഡുമായി ആപ്പിൾ

Update: 2025-10-10 12:18 GMT

ഐഫോൺ കയറ്റുമതിയിൽ റെക്കോഡിട്ട് ആപ്പിൾ.  2025-ലെ ആദ്യ ആറ് മാസം കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യ അതിവേഗം ഒരു ആഗോള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 5.71 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയിൽ 75 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 1.25 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ സെപ്റ്റംബറില്‍ മാത്രം  കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 490 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 155 ശതമാനം വര്‍ധനവാണ് കയറ്റുമതിയിലുള്ളത്.

എല്ലാ ഐഫോൺ മോഡലുകളും ഇന്ത്യയിൽ നിന്ന്

ഇപ്പോള്‍ പ്രോ, പ്രോ മാക്സ്, എയര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഐഫോണ്‍ മോഡലുകളും ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുന്നു. മുമ്പ് ഇന്ത്യയില്‍ നിര്‍മ്മിച്ച  മോഡലുകള്‍ അന്താരാഷ്ട്ര വിപണികളില്‍ എത്താന്‍ നിരവധി മാസങ്ങള്‍ എടുത്തിരുന്നു. ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളര്‍ച്ച പ്രധാനമായും നയിക്കുന്നത് രണ്ട് പുതിയ ഫാക്ടറികളാണ്. ടാറ്റ ഇലക്ട്രോണിക്സിന്റെ ഹൊസൂര്‍ പ്ലാന്റും ഫോക്‌സ്‌കോണിന്റെ ബെംഗളൂരു യൂണിറ്റും.

ഈ ഫാക്ടറികള്‍ കൂടി വന്നതോടെ ഇന്ത്യയിലെ ആകെ ഐഫോണ്‍ ഫാക്ടറികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ നിര്‍മ്മിച്ചു. അതില്‍ 17.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന, അതായത് 80 ശതമാനം ഐഫോണുകളും കയറ്റുമതി ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐഫോണ്‍ ഉത്പാദനം രണ്ട് ബില്യണ്‍ ഡോളര്‍ മാത്രമായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച.

 ഇന്ത്യയില്‍ നിന്ന് ആപ്പിളിന് ഉല്‍പ്പാദനവും കയറ്റുമതിയും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.എന്നാല്‍ ഇത് അന്താരാഷ്ട്ര വ്യാപാര നയങ്ങളെയും യുഎസ് താരിഫുകളെയും ആശ്രയിച്ചിരിക്കും. 

Tags:    

Similar News