ഡിജിറ്റല്‍ കൊള്ളക്കാരുടെ പുത്തന്‍ രീതികള്‍; അഞ്ച് വിധത്തിലുള്ള തട്ടിപ്പുകളെ സൂക്ഷിക്കാം

  • ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപകര്‍ പെരുകുന്നത് മുതലെടുത്താണ് കള്ളന്മാര്‍ ചേക്കേറുന്നത്
  • വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ നിക്ഷേപങ്ങളിലേക്ക് പോകുംമുമ്പ് രണ്ട് തവണ ചിന്തിക്കുക.

Update: 2023-03-28 15:45 GMT

ഇത് ഓണ്‍ലൈന്‍ മോഷ്ടാക്കളുടെ കാലമാണ്. ഡിജിറ്റല്‍ യുഗത്തിലേക്ക് ബാങ്കുകളും പേയ്‌മെന്റ് മോഡുകളുമൊക്കെ മാറിയതോടെ കള്ളന്മാരുടെ കോലവും മാറി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളും വാലറ്റുകളും കൊള്ളയടിക്കപ്പെടുകയാണ്. പല പേരുകളിലാണെങ്കിലും ലോകമാകമാനം ഇവരുടെ സ്വഭാവം ഒന്നുതന്നെ. ബാങ്കുകളില്‍ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയും ഫ്രീ ഗിഫ്റ്റ് നല്‍കാനെന്ന പേരിലുമൊക്കെ പലരും കബളിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇക്കാലത്ത് ഡിജിറ്റല്‍ ജാഗ്രത ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രധാനമായും അഞ്ച് തരം ഡിജിറ്റല്‍ തട്ടിപ്പുകളാണ് നടക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ക്രിപ്‌റ്റോകറന്‍സി റൊമാന്‍സ് സ്‌കാം

ഇത് ഏറ്റവും നൂതനമായ തട്ടിപ്പാണെന്ന് പറയാം. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപകര്‍ പെരുകുന്നത് മുതലെടുത്താണ് ഈ മേഖലയിലേക്കും കള്ളന്മാര്‍ ചേക്കേറുന്നത്. ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ കൊണ്ട് അവര്‍ നല്‍കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കാനും വ്യാജ ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്താനും പ്രേരിപ്പിക്കുന്ന പുതിയ കള്ളന്മാര്‍ രംഗത്തുണ്ട്. 'കോണ്‍ ആര്‍ട്ടിസ്റ്റുകള്‍' എന്ന് വിളിക്കുന്ന ഈ കൂട്ടര്‍ വലിയ വരുമാനം വാഗ്ദാനം ചെയ്താണ് വ്യാജ ക്രിപ്‌റ്റോ കറന്‍സികളില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുക. നിക്ഷേപിച്ചു കഴിഞ്ഞാല്‍ ആപണവുമായി ഇവര്‍ മുങ്ങുകയാണ് പതിവ്. പിന്നീടായിരിക്കും ഇതൊരു തട്ടിപ്പായിരുന്നുവെന്ന് ഉപയോക്താക്കള്‍ തിരിച്ചറിയുന്നത്.

അതുകൊണ്ട് വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ നിക്ഷേപങ്ങളിലേക്ക് പോകുംമുമ്പ് രണ്ട് തവണ ചിന്തിക്കുക.

പേഡേ ലോണ്‍ തട്ടിപ്പ്

പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റവും മറ്റും മുതലെടുത്താണ് ഈ വലിയ തട്ടിപ്പ് നടക്കുന്നത്. ശമ്പളക്കാരെ നോട്ടമിട്ടാണ് ഈ തട്ടിപ്പ് പതിവാകുന്നത്. ബില്ലുകള്‍ അടക്കാനും സാധനങ്ങള്‍ വാങ്ങാനും പണം തികയാതെ വരുന്ന സന്ദര്‍ഭങ്ങളിലായിരിക്കും ഇവര്‍ രക്ഷകരായി പ്രത്യക്ഷപ്പെടുക. ഇത്തരം ബില്ലുകള്‍ അടക്കാന്‍ പേഡേ ലോണ്‍ എന്ന പേരില്‍ വായ്പ അനുവദിക്കുകയാണ് ചെയ്യുക. അതിനായി മുന്‍കൂട്ടി ഫീസ് അടക്കാനും ഇവര്‍ ആവശ്യപ്പെടും. ഈ ഫീസ് അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് അടച്ചുകഴിയുന്നതോടെ ഇവര്‍ മുങ്ങുകയാണ് പതിവ്. നിത്യചെലവിന് ബുദ്ധിമുട്ടുന്നവരാണ് ഇവരുടെ ടാര്‍ഗറ്റ്. ഇന്റര്‍നെറ്റ് വഴിയാണ് ഇവര്‍ സഹായ വാഗ്ദാനങ്ങളുമായി വരുന്നത്.

വണ്‍ ടൈം പാസ്‌വേര്‍ഡ് ബോട്ട് സ്‌കാം

ബാങ്ക് അക്കൗണ്ടോ ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് സുരക്ഷിതമാക്കാന്‍ നമ്മള്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ കോഡ് സെറ്റ് ചെയ്യാറുണ്ട്. ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്തുന്നതിനാണിത്. ഉപഭോക്താവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ഫോണ്‍ നമ്പറിലേക്കോ ഇ-മെയിലിലേക്കോ ആണ് സാധാരണ പേയ്‌മെന്റ് നടത്താനുള്ള ഇത്തരം ഓടിപികള്‍ ധനകാര്യസ്ഥാപനങ്ങള്‍ അയക്കുന്നത്. എന്നാല്‍ ഈ സാധ്യത മനസിലാക്കി തട്ടിപ്പുകാര്‍ ഓട്ടോമേറ്റഡ് ആപ്ലിക്കേഷന്‍ ബോട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം ബോട്ടുകള്‍ ആളുകളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ സ്വാഭാവികമായും മെസേജായി വരുന്ന ഓടിപികള്‍ ബാങ്കില്‍ നിന്നാണെന്ന വ്യാജേന കള്ളന്മാര്‍ വിളിക്കുകയും ഓടിപി കിട്ടിക്കഴിഞ്ഞാല്‍ പണം അടിച്ചുമാറ്റുകയും ചെയ്യും. ഇതാണ് ഓടിപി ബോട്ട് സ്‌കാം. അതുകൊണ്ട് തന്നെ ഓടിപി ചോദിച്ച് ആര് വിളിച്ചാലും നല്‍കാതിരിക്കുക.

പപ്പി പര്‍ച്ചേസ് സ്‌കാം

ഡിജിറ്റല്‍ കള്ളന്മാരുടെ അടുത്ത കുതന്ത്രമാണിത്. വളര്‍ത്തുമൃഗങ്ങളോടുള്ള ആളുകളുടെ പ്രിയം മുതലെടുത്താണ് ഈ തട്ടിപ്പ്. ഓണ്‍ലൈന്‍ വഴി പട്ടിക്കുട്ടിയെയോ പൂച്ചക്കുട്ടിയെയോ വില്‍ക്കാനുണ്ടെന്ന് പറയുകയും ചിത്രങ്ങളും വീഡിയോയും അയച്ചുനല്‍കും. ശേഷം ഇതിനെ വാങ്ങാനുള്ള പണം അയക്കാന്‍ ആവശ്യപ്പെടും. എന്നാല്‍ പണം അക്കൗണ്ടിലെത്തിക്കഴിഞ്ഞാല്‍ ഇവര്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും മാറ്റി രക്ഷപ്പെടും. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളെ നേരില്‍ കാണുംവരെ പണം നല്‍കാതിരിക്കുക.

ഫ്രീ ഗിഫ്റ്റ് ക്യൂ ആര്‍ കോഡ്

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പമാക്കാന്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതാണ് പതിവ്. നിങ്ങള്‍ക്ക് ഫ്രീയായി ഗിഫ്റ്റ് കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചാണ് ഇവര്‍ രംഗത്തെത്തുന്നത്. ഇതിനായി ഏതെങ്കിലും വിധത്തിലുള്ള ചാര്‍ജുകള്‍ അടക്കാനുണ്ടെന്ന് പറയും. ശേഷം വ്യാജ ക്യൂആര്‍ കോഡും നല്‍കും. ഇത് ഏതെങ്കിലും ക്ഷുദ്ര വെബ്‌സൈറ്റുകളിലേക്കായിരിക്കും എത്തിക്കുന്നത്. ഇതുവഴി അക്കൗണ്ട് ഉടമകള്‍ അറിയാതെ തന്നെ പണം തട്ടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.

Tags:    

Similar News