ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തും

  • ഗൂഗിള്‍, ടെമാസെക്, ബെയിന്‍ ആന്‍ഡ് കമ്പനി എന്നിവരുടെയാണ് റിപ്പോര്‍ട്ട്
  • വളര്‍ച്ച പ്രധാനമായും ഇ-കൊമേഴ്സ് വഴി
  • ആഗോള ജിഡിപിയുടെ വളര്‍ച്ചയില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ പ്രതീക്ഷ

Update: 2023-06-06 10:13 GMT

ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ 2030 ഓടെ ആറിരട്ടി വളര്‍ച്ച രേഖപ്പെടുത്തുകയും ഒരു ട്രില്യണ്‍ യുഎസ് ഡോളറിലെത്തുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

ഇത് പ്രധാനമായും ഇ-കൊമേഴ്സ് വഴി മുന്നേറും. ഗൂഗിള്‍, ടെമാസെക്, ബെയിന്‍ ആന്‍ഡ് കമ്പനി എന്നിവരാണ് ഇത് സംബന്ധിച്ച് സംയുക്ത റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

2022-ല്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ 155-175 ബില്യണ്‍ ഡോളറിന്റെ പരിധിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത് ബി2സി ഇ-കൊമേഴ്സ് വിഭാഗവും തുടര്‍ന്ന് ബി2ബി ഇ-കൊമേഴ്സ്, സോഫ്റ്റ്വെയര്‍-എ-സേവന ദാതാക്കളും ഓണ്‍ലൈന്‍ മീഡിയയും ആയിരിക്കും.

'ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ 2030-ഓടെ ആറ് ഇരട്ടി മുതല്‍ ഒരു ട്രില്യണ്‍ ഡോളര്‍ വരെ വളരുമെന്ന് പ്രതീക്ഷിക്കുന്നു,' റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പങ്കിടുമ്പോള്‍ ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജറും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത പറഞ്ഞു.

ഭാവിയില്‍ മിക്ക വാങ്ങലുകളും ഡിജിറ്റലായി മാത്രമായിരിക്കും നടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പുകള്‍ ഡിജിറ്റല്‍ നവീകരണത്തിന്റെ പാത നയിച്ചപ്പോള്‍ മേഖലയുടെ വളര്‍ച്ച അതിവേഗമായി. പകര്‍ച്ചവ്യാധിക്കുശേഷം ഈ വളര്‍ച്ച ഉയര്‍ന്ന രീതിയിലായി.

ചെറുകിട, ഇടത്തരം ബിസിനസുകളും വന്‍കിട സംരംഭങ്ങളും കൂടുതല്‍ മത്സരാധിഷ്ഠിതമാകുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഒഴിച്ചുകൂടാനാവാത്തതായി മാറി. ചെറു സംരംഭങ്ങള്‍ പോലും ഇന്ന് ഡിജിറ്റല്‍ സഹായത്തോടെ മുന്നേറുന്നതായി ഗുപ്ത പറഞ്ഞു.

ബി2സി ഇ-കൊമേഴ്സ് 2022 ല്‍ ഏകദേശം 60-65 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 5-6 മടങ്ങ് വളരുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ മേഖലയില്‍ അതിന്‍ പ്രകാരം 350-380 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ബി2ബി ഇ-കൊമേഴ്സ് 2022-ല്‍ 8-9 ബില്യണ്‍ ഡോളറില്‍ നിന്ന് 13-14 മടങ്ങ് വര്‍ധിച്ച് 105-120 ബില്യണ്‍ ഡോളറായി വളരുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.

സോഫ്റ്റ്വെയര്‍-എ-സേവന വിഭാഗവും 5-6 മടങ്ങ് വളര്‍ച്ച കൈവരിക്കും. 2022-ല്‍ 12-13 ബില്യണ്‍ ഡോളറായിരുന്നു മേഖലയുടെ വളര്‍ച്ച. ഇത് 65-75 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആഗോള ജിഡിപിയുടെ വളര്‍ച്ചയില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ പ്രതീക്ഷയാണെന്ന് ടെമാസെക് മാനേജിംഗ് ഡയറക്ടര്‍ (ഇന്‍വെസ്റ്റ്മെന്റ്) വിശേഷ് ശ്രീവാസ്തവ പറഞ്ഞു.

യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക ഞെരുക്കം നേരിടുന്ന കാലമാണിത്. പല രാജ്യങ്ങളും മാന്ദ്യത്തിന്റെ നിഴലിലൂടെ സഞ്ചരിക്കുന്നു.

മുന്‍പ് ലോകത്തിന്റെ ഫാക്ടറി എന്ന് അറിയപ്പെട്ടിരുന്ന ചൈനക്ക് കോവിഡ് പകര്‍ച്ചവ്യാധിക്കുശേഷം തിരിച്ച് പഴയ ഊര്‍ജ്ജ്വസ്വലതയിലേക്ക് എത്താനായിട്ടില്ല. അവരുടെ സീറോ കോവിഡ് നയം അവര്‍ക്കുതന്നെ തിരിച്ചടിയായി. വന്‍കിട ബിസിനസുകള്‍ ചൈന വിട്ട് പുറത്തേക്കുള്ള പാതയിലാണ്.

പല കാരണങ്ങള്‍കൊണ്ടും സപ്ലൈചെയ്‌നുകളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല. എന്നാല്‍ അവര്‍ തിരിച്ചുവരവിന്റെ പാതയില്‍ത്തന്നെയാണ്. അതിന് സമയമെടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച ലോകത്തിന്റെ പ്രതീക്ഷയാകുന്നത്. കോവിഡ് ഒരു അവസരമായി ഇന്ത്യക്കുമുന്നില്‍ മാറി. ഇന്ന് നിരവധി വ്യവസായങ്ങള്‍ പുതുതായി രാജ്യത്തേക്ക് ചേക്കേറുന്നു. സ്വാഭാവികമായും ഇന്റര്‍നെറ്റ് വിപണിയും കുതിക്കും. അതുവഴി അതുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ അസൂയവഹമായ വളര്‍ച്ച നേടും എന്നുറപ്പായി.


Tags:    

Similar News