ഉപഗ്രഹ ഇന്റര്‍നെറ്റിന് സ്വീകാര്യത ലഭിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

  • ഇന്റര്‍നെറ്റ് ആക്സസ് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഉപഗ്രഹ ഇന്റര്‍നെറ്റ് നികത്തുമെന്ന് സര്‍വേ
  • ഉപഗ്രഹ ഇന്റര്‍നെറ്റ് നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 39 ശതമാനം പേര്‍ ആവശ്യപ്പെടുന്നു

Update: 2025-03-13 07:22 GMT

നിലവില്‍ ഇന്ത്യ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന്റെ വക്കിലാണ്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് അത് സാധ്യമാക്കാനുള്ള ഒരു വഴിയും. ലോക്കല്‍ സര്‍ക്കിള്‍സ് അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, 91 ശതമാനം പേരും ഉപഗ്രഹം വഴി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ കണക്റ്റിവിറ്റിയെ പരിവര്‍ത്തനം ചെയ്യുമെന്ന് വിശ്വസിക്കുന്നു.

വിശ്വസനീയമായ ഇന്റര്‍നെറ്റ് ആക്സസ് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഉപഗ്രഹ ഇന്റര്‍നെറ്റ് സഹായിക്കുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഒന്‍പതുപേരുടെയും അഭിപ്രായം ഓണ്‍ലൈന്‍ ലോകത്തേക്കുള്ള പ്രവേശനം വികസിപ്പിക്കുന്നതിന് ഇത് അനിവാര്യമാണെന്നാണ്.

സ്വകാര്യ കമ്പനികള്‍ മുന്നോട്ടുവന്ന് വ്യക്തികള്‍ക്ക് നേരിട്ട് ഉപഗ്രഹ സേവനങ്ങള്‍ നല്‍കണമെന്നാണ് 50ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, സര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുക്കണമെന്നും, സൗജന്യമായോ കുറഞ്ഞ ചെലവിലോ വ്യാപകമായ പ്രവേശനം ഉറപ്പാക്കണമെന്നും 39 ശതമാനം പേര്‍ ആവശ്യപ്പെടുന്നു.

നിലവില്‍ എയര്‍ടെല്ലും റിലയന്‍സ് ജിയോയും എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി കരാറിലെത്തിക്കഴിഞ്ഞു. എന്നിരുന്നാലും, സ്പേസ് എക്സിന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ലൈസന്‍സുകള്‍ ലഭിച്ചാല്‍ മാത്രമേ ഈ പങ്കാളിത്തങ്ങള്‍ നിലനില്‍ക്കൂ.

ആഗോള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയില്‍ ഇന്ത്യയുടെ ചെറുതും എന്നാല്‍ അതിവേഗം വളരുന്നതുമായ സാന്നിധ്യത്തെക്കുറിച്ച് ഡെലോയിറ്റ് ഇന്ത്യ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. 2022 ല്‍ ആഗോള വിപണി വലുപ്പം 3 ബില്യണ്‍ ഡോളറായിരുന്നു, ഇന്ത്യയുടെ വിഹിതം വെറും 3 ശതമാനം മാത്രമാണ്. എന്നിരുന്നാലും, 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന വിപണി 1.9 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.

ഇത് 36 ശതമാനം സംയുക്ത വാര്‍ഷിക നിരക്കിലാണ് വളരുന്നത്.

323 ജില്ലകളിലായി 22,000-ത്തിലധികം പൗരന്മാരില്‍ നിന്ന് പ്രതികരണങ്ങള്‍ ശേഖരിച്ച ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേയില്‍, വിവിധ വിഭാഗങ്ങളില്‍നിന്ന് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് വിശാലമായ പിന്തുണയാണ് ലഭിച്ചത്. പ്രതികരിച്ചവരില്‍ 66 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ്. 

Tags:    

Similar News