6000 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ; ഇന്ത്യയിലെ എക്‌സിക്യൂട്ടീവുകള്‍ക്കും ജോലി നഷ്ടമായി
- 2022 നവംബര്‍ മുതല്‍ 2023 മെയ് വരെയുള്ള ആറു മാസത്തിനിടെ മെറ്റ 21,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്
- ജോലി നഷ്ടപ്പെട്ടവര്‍ ലിങ്ക്ഡിന്‍ പ്ലാറ്റ്‌ഫോമില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്
- പിരിച്ചുവിടലുകള്‍ ഉണ്ടായിരുന്നിട്ടും മെറ്റയുടെ ഓഹരികള്‍ ഉയര്‍ന്ന നില കൈവരിച്ചാണ് ക്ലോസ് ചെയ്തത്
വന്‍കിട, ഇടത്തരം കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്ന വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ കാരണം ടെക് തൊഴില്‍ വിപണി ഇപ്പോള്‍ അസ്ഥിരമാണ്. ലേ ഓഫ് (layoff) ട്രാക്കിംഗ് വെബ്‌സൈറ്റായ layoff.fyi -യുടെ കണക്കനുസരിച്ച്, 2023 മെയ് 18 വരെ ഏകദേശം രണ്ട് ലക്ഷത്തോളം ടെക് ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടെന്നാണ്. ഈ സംഖ്യ ഓരോ ദിവസം പിന്നിടുമ്പോള്‍ കൂടി വരികയുമാണ്.
ബുധനാഴ്ച (മെയ് 24) ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ആറായിരം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 4,000 ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടത്. എന്നാല്‍ ഇപ്പോള്‍ ബാക്കിവരുന്ന 6,000 ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്.
ഇന്ത്യയില്‍ ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് അവിനാശ് പന്ത്, മീഡിയ പാര്‍ട്ണര്‍ഷിപ്‌സ് ഡയറക്ടറും ഹെഡുമായ സാകേത് ഝാ സൗരഭ് എന്നിവര്‍ക്കും ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മെറ്റയുടെ ഇന്ത്യയിലെ ഓഫീസില്‍ 100-ല്‍ താഴെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായിട്ടാണ് സൂചന.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലിയുടെ കാലാവധിയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായം ലഭിക്കും. അതോടൊപ്പം മൂന്ന് മാസത്തെ വേതനവും ലഭിക്കുമെന്ന് ജോലി നഷ്ടപ്പെട്ട ഒരു മെറ്റ ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2022 നവംബര്‍ മുതല്‍ 2023 മെയ് വരെയുള്ള ആറു മാസത്തിനിടെ മെറ്റ 21,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2022 നവംബറില്‍ 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ജോലി നഷ്ടപ്പെട്ടവര്‍ ലിങ്ക്ഡിന്‍ പ്ലാറ്റ്‌ഫോമില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്.
മാര്‍ക്കറ്റിംഗ്, സൈറ്റ് സെക്യൂരിറ്റി, എന്റര്‍പ്രൈസ് എന്‍ജിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, കണ്ടന്റ് സ്ട്രാറ്റജി, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. എന്‍ജിനീയറിംഗ് ഇതര റോളുകളിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്.
മെറ്റയിലെ ജോലി വെട്ടിക്കുറയ്ക്കല്‍ നടപടി ' ഇയര്‍ ഓഫ് എഫിഷ്യന്‍സി ' (Year of Efficiency) യുടെ ഭാഗമായിട്ടാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടുള്ള ഒരു പുനക്രമീകരണമാണ് മെറ്റയില്‍ നടക്കുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് പിരിച്ചുവിടലുകള്‍ ആവശ്യമാണെന്നു കമ്പനി പറയുന്നു.
പിരിച്ചുവിടലുകള്‍ ഉണ്ടായിരുന്നിട്ടും മെറ്റയുടെ ഓഹരികള്‍ ഉയര്‍ന്ന നില കൈവരിച്ചാണ് ക്ലോസ് ചെയ്തത്. 2023-ല്‍ കമ്പനിയുടെ ഓഹരി മൂല്യം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. ഇതോടെ എസ് ആന്‍ഡ് പി 500 സൂചികയിലെ മികച്ച പ്രകടനക്കാരില്‍ ഒരാളായി മാറുകയും ചെയ്തു.
