കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം,മെറ്റയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ ഏജൻസി

  • കിഡ്‍സ് മെസഞ്ചറില്‍ സുരക്ഷാ വീഴ്ച
  • മെറ്റ ഓഹരി 2 ശതമാനം ഇടിഞ്ഞു
  • തുടർച്ചയായി സ്വകാര്യതാ നയങ്ങളുടെ ലംഘനം

Update: 2023-05-05 10:00 GMT

ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റ കുട്ടികളുടെ സുരക്ഷ കൂടുതൽ കർശനമായി ഉറപ്പാക്കണമെന്ന് യു എസ് ടാറ്റ ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മീഷൻ.കുട്ടികളുടെ വിവരങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നതിൽ നിന്ന് മെറ്റക്കു നിരോധനം ഏർപ്പെടുത്തണം എന്നും ഏജൻസി നിർദ്ദേശിച്ചു

ഫേസ്ബുക്ക് സ്വകാര്യതാ നയത്തിൽ പഴുതുകളും സുരക്ഷാപ്രശ്നങ്ങളും ഉണ്ടെന്ന് കമ്മീഷൻ പറയുന്നു.രക്ഷിതാക്കളുടെ അറിവോടു കൂടി ബന്ധുക്കളോടും സുഹൃത്തുക്കളോടും ചാറ്റ് ചെയ്യാനായി 2017 ഇൽ കിഡ്സ് മെസ്സഞ്ചർ കമ്പിനി അവതരിപ്പിച്ചിരുന്നു . രക്ഷിതാക്കളുടെ അക്കൗണ്ടിന്റെ ഒരു വിപുലീകരണം മാത്രമായാണ് ഇത് കുട്ടികൾ ഉപയോഗിക്കേണ്ടത്. അതായത് രക്ഷിതാക്കൾക്ക് കുട്ടികൾക്ക് ആശയവിനിമയത്തിൽ പൂർണ നിയന്ത്രണം ഉറപ്പുനൽകി.

എന്നാൽ ഫേസ്ബുക് ഇത് പാലിച്ചില്ലെന്നും രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും കമ്മീഷൻ പറയുന്നു . 13 വയസിനു താഴെ പ്രായമുള്ള കുട്ടികൾ രക്ഷിതാക്കളുടെ അറിവോടെയല്ലാതെ അപരിചിതരോട് ചാറ്റിലേർപ്പെടുന്നുവെന്നും കമ്മീഷൻ ആരോപിച്ചു . 90 ദിവസത്തിൽ കൂടുതൽ ആപുകൾ ഉപയോഗിക്കാതിരുന്നാൽ നീക്കം ചെയ്യുമെന്ന് കരാർ ഉണ്ടെങ്കിലും മെറ്റാ അതും ലംഘിച്ചെന്നു ഏജൻസി ആരോപിച്ചു. സ്വകാര്യത നയത്തിന് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങൾ ഇതില്‍ സുരക്ഷിതമല്ലെന്നും കമ്മിഷൻ പറഞ്ഞു.

മൂന്ന് നിർദ്ദേശങ്ങൾ ആണ് എഫ് ടി സി  മുന്നോട്ട് വെച്ചത്.

18 വയസിനു താഴെ പ്രായമുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നത് തടയണം. 

സ്വകാര്യതനയങ്ങൾ പൂർണമായും പാലിക്കുന്നുവെന്നു ഉറപ്പിക്കുന്നത് വരെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കരുത്. 

ഫേഷ്യൽ  റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ ഉപയോഗം പരിമിതപ്പെടുത്തണം.ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമ്പോൾ ഉപഭോക്താക്കളുടെ സ്ഥിരീകരണത്തിലൂടെയുള്ള സമ്മതം നേടിയിരിക്കണം

ഈ വാർത്ത പുറത്തുവന്നതിന് ശേഷം മെറ്റ ഓഹരികളുടെ മൂല്യം 2 ശതമാനം ഇടിഞ്ഞു .മറുപടി നല്കാൻ ഫേസ്ബുക്കിന് 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട് .ഇതിനെ ഒരു രാഷ്ട്രീയ നീക്കമായി കാണുന്നുവെന്ന് ഫേസ്ബുക് വക്താവ് ട്വിറ്ററിൽ കുറിച്ചു. ടിക് ടോക് പോലുള്ള ചൈനീസ് ആപ്പുകൾ യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കുമ്പോൾ മെറ്റയെ മാത്രം ഒറ്റപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു .

എന്നാൽ ഫേസ്ബുക് തുടർച്ചയായി സ്വകാര്യതനയങ്ങൾ ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന് എഫ് ടി സി ആരോപിക്കുന്നു കുട്ടികളുടെ ഇൻറർനെറ്റ് സ്വകാര്യത സംരക്ഷിക്കുന്നതിനായി ഡാറ്റയുടെ ഉപയോഗത്തിന് വിപുലമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

Tags:    

Similar News