രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുറയുന്നു; കൂടുതല്‍ നഷ്ടം നേരിട്ട് വിഐ

കമ്പനി അതിന്റെ 4ജി സേവനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വരിക്കാരുടെ എണ്ണത്തിലും കുറവ് വരുന്നത്.

Update: 2022-11-23 04:46 GMT

vodafone idea

വോഡഫോണ്‍-ഐഡിയയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലെ കുറവ് സെപ്റ്റംബറിലും തുടര്‍ന്നു. സെപ്റ്റംബറില്‍ വോഡഫോണ്‍-ഐഡിയയുടെ ഉപഭോക്തൃ അടിത്തറയില്‍ നാല് ദശലക്ഷത്തിന്റെ ഇടിവാണുണ്ടായത്. കമ്പനി അതിന്റെ 4ജി സേവനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വരിക്കാരുടെ എണ്ണത്തിലും കുറവ് വരുന്നത്.

സെപ്റ്റംബറില്‍ കമ്പനിയുടെ വയര്‍ലെസ് വിപണി വിഹിതവും നഷ്ടപ്പെട്ടു. ഓഗസ്റ്റിലെ 22.03 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെപ്റ്റംബറില്‍ ഇത് 21.75 ശതമാനമായി. എതിരാളികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയ്ക്കാണ് ഓഹരിയുടെ ഭൂരിഭാഗവും കൈമാറിയത്.

എന്നാല്‍, ഇതേ കാലയളവില്‍ എയര്‍ടെല്ലിന്റെ വിഹിതം 31.66 ശതമാനത്തില്‍ നിന്ന് 31.80 ശതമാനമായും, ജിയോയുടെ വിഹിതം 36.48 ശതമാനത്തില്‍ നിന്ന് 36.66 ശതമാനമായും ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷേ, എയര്‍ടെല്ലിനും ജിയോയ്ക്കും വരിക്കാരുടെ എണ്ണത്തില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലുള്ള വളര്‍ച്ചയാണുണ്ടായത്. സെപ്റ്റംബറില്‍ എയര്‍ടെല്ലിന് 0.41 ദശലക്ഷം വരിക്കാരെയും, ജിയോയ്ക്ക് 0.72 ദശലക്ഷം വരിക്കാരെയും മാത്രമാണ് ലഭിച്ചത്.

ഒരു മൊബൈല്‍ നെറ്റ് വര്‍ക്കിലെ സജീവ വരിക്കാരുടെ എണ്ണം പ്രതിഫലിപ്പിക്കുന്ന സന്ദര്‍ശക ലൊക്കേഷന്‍ രജിസ്റ്റര്‍ പ്രകാരം 98.56 ശതമാനം ഉപഭോക്താക്കള്‍ എയര്‍ടെല്ലിനും, 91.3 ശതമാനം ജിയോയ്ക്കും, 85.17 ശതമാനം വിയ്ക്കും സജീവമായുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനം മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ ഇന്ത്യയുടെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 3.66 ശതമാനം ഇടിഞ്ഞ് 1.145 കോടിയായി.

മൊത്തത്തിലുള്ള വയര്‍ലെസ് ടെലിഫോണ്‍ ഉപയോഗം ഓഗസ്റ്റിലെ 83.27 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 82.94 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറില്‍, 11.97 ദശലക്ഷം വരിക്കാരാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) ക്കായി അപേക്ഷിച്ചത്. ഇത് മാസാവസാനത്തോടെ 748.11 ദശലക്ഷമായി വര്‍ധിച്ചു. വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബറില്‍ 26.47 ദശലക്ഷമായി ഉയര്‍ന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇത് 25.97 ദശലക്ഷത്തിലേക്ക് എത്തിയിരുന്നു.

Tags:    

Similar News