എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം 2023 സെപ്റ്റംബറോടെ പൂര്‍ത്തിയാകും

  • രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ലയനത്തിന് ഓഹരിയുടമകളുടെ അംഗീകാരത്തിനായി വെള്ളിയാഴ്ച്ച എച്ച്ഡിഎഫ്‌സിയും, എച്ച്ഡിഎഫ്‌സി ബാങ്കും പൊതു യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
  • ലയനം 40 ബില്യണ്‍ ഡോളറിലധികം തുകയുടേതാണ്.
  • എച്ച്ഡിഎഫ്‌സിയിലെ 3,500 ലധികം വരുന്ന ജീവനക്കാര്‍ ബാങ്കിലെ 1.61 ലക്ഷം ജീവനക്കാരോടൊപ്പം ചേരും

Update: 2022-11-27 07:13 GMT

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കും, എച്ച്ഡിഎഫ്‌സിയും തമ്മിലുള്ള ലയനം അടുത്ത വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍.

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ലയനത്തിന് ഓഹരിയുടമകളുടെ അംഗീകാരത്തിനായി വെള്ളിയാഴ്ച്ച എച്ച്ഡിഎഫ്‌സിയും, എച്ച്ഡിഎഫ്‌സി ബാങ്കും പൊതു യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ലയനം 40 ബില്യണ്‍ ഡോളറിലധികം തുകയുടേതാണ്. ഈ വര്‍ഷം ഏപ്രിലില്‍ ലയനം പ്രഖ്യാപിച്ചപ്പോള്‍ പൂര്‍ത്തിയാകാന്‍ 12 മുതല്‍ 18 മാസം വരെയെടുക്കുമെന്ന് പറഞ്ഞിരുന്നു.

ലയനം കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം 0.20 ശതമാനം മുതല്‍ 0.30 ശതമാനം വരെ ഉയര്‍ത്താന്‍ സഹായിക്കും. ഇത് ആരോഗ്യകരമായ മൂലധന പര്യാപ്തത അനുപാതമാണെന്നും എച്ച്ഡിഎഫ്‌സി വ്യക്തമാക്കുന്നു.

നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ അനുബന്ധ കമ്പനികളായിട്ടുള്ളവയെല്ലാം ലയനത്തിലൂടെ കമ്പനിയുടെ അനുബന്ധ കമ്പനികളായി മാറും. പക്ഷേ, ബാങ്കിന്റെ ഭാഗമല്ലാത്ത ചില കമ്പനികള്‍ വിറ്റൊഴിവാക്കേണ്ടി വരുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു.

അനുബന്ധ കമ്പനികളുടെ ലയനം സംബന്ധിച്ച് ആര്‍ബിഐ-ല്‍ നിന്നും, ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ല്‍ നിന്നും അനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച്ഡിഎഫ്‌സിയിലെ 3,500 ലധികം വരുന്ന ജീവനക്കാര്‍ ബാങ്കിലെ 1.61 ലക്ഷം ജീവനക്കാരോടൊപ്പം ചേരും. എച്ച്ഡിഎഫ്‌സിയുടെ 508 ഓളം ശാഖകള്‍, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ക്ക് സമീപമുള്ള ചിലതൊഴികെ ബാങ്കുമായി ലയിപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News