മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എഫ്ഡി: പലിശനിരക്കുയര്‍ത്തി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍

യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് 181 ദിവസം മുതല്‍ 501 ദിവസം വരെയുള്ള സ്ഥിര നിക്ഷേപ നിരക്ക് ഒമ്പത് ശതമാനമായാണ് ഉയര്‍ത്തിയത്.

Update: 2022-11-25 05:02 GMT

FD interest rate for senior citizens

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് 181 ദിവസം മുതല്‍ 501 ദിവസം വരെയുള്ള സ്ഥിര നിക്ഷേപ നിരക്ക് ഒമ്പത് ശതമാനമായാണ് ഉയര്‍ത്തിയത്. ഉജ്ജീവല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം പലിശ നല്‍കുന്നുണ്ട്.

പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉയര്‍ന്ന പലിശയാണ് നല്‍കുന്നത്്. എന്നാല്‍, നിക്ഷേപങ്ങളുടെ സുരക്ഷ എത്രത്തോളം ഉണ്ടെന്നുള്ളതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്ന ഘടകം. പൊതുവെ സുരക്ഷിത നിക്ഷേപ ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങള്‍. പക്ഷേ, നിക്ഷേപം നടത്തുന്നതിന് മുമ്പ് ബാങ്കിന്റെ ചരിത്രവും, നിലവിലെ സ്ഥിതിയും ഒന്നു നോക്കുകയും വേണം.

ഉയര്‍ന്ന പലിശ എന്നത് ചിലപ്പോള്‍ വാഗ്ദാനം മാത്രമാകാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയുള്ള നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം പോലുള്ള പദ്ധതികളിലും നിക്ഷേപം നടത്താം.

റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) നിയമങ്ങള്‍ അനുസരിച്ച്, അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് സുരക്ഷ ലഭിക്കുക. ഈ പരിധി നിക്ഷേപ തുകയും, പലിശ തുകയും ഉള്‍പ്പെടെയാണ്. ഇതിനര്‍ത്ഥം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് പാപ്പരാവുകയോ അടച്ചുപൂട്ടുകയോ ചെയ്താല്‍ പോലും നിക്ഷേപകര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ തിരികെ ലഭിക്കുമെന്നാണ്.

ഈ തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് പ്രതിസന്ധിയിലാണെങ്കില്‍ 90 ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണം. അതിനാല്‍, അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിധി കണക്കാക്കി പല ബാങ്കുകളിലായി നിക്ഷേപം നടത്താം.

Tags:    

Similar News