പൊതുമേഖലാ ബാങ്കുകളുടെ 'സാമ്പത്തികാരോഗ്യം' തൃപ്തികരം, ബജറ്റില്‍ മൂലധന വകയിരുത്തലുണ്ടായേക്കില്ല

  • 2021-22 ലാണ് സര്‍ക്കാര്‍ അവസാനമായി ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കിയത്.

Update: 2023-01-23 06:42 GMT

ഡെല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ സാമ്പത്തികാരോഗ്യം താരതമ്യേന പുരോഗതി കൈവരിക്കുകയും, അവയുടെ സംയോജിത ലാഭം ഒരു ലക്ഷം കോടി രൂപയിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരുന്ന ബജറ്റില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായുള്ള മൂലധന വകയിരുത്തലുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം റെഗുലേറ്ററി ആവശ്യകതയേക്കാള്‍ കൂടുതലാണ്. ഇത് 14-20 ശതമാനത്തിനും ഇടയിലാണ്. ബാങ്കുകള്‍ വിപണിയില്‍ നിന്ന് ഗ്രോത്ത് ഫണ്ടുകള്‍ സ്വരൂപിക്കുകയും, കൂടാതെ അവരുടെ പ്രാധാന്യം കുറഞ്ഞ ആസ്തികള്‍ വിറ്റും ധനസമാഹരണം നടത്തുന്നുണ്ട്.

2021-22 ലാണ് സര്‍ക്കാര്‍ അവസാനമായി ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കിയത്. ഗ്രാന്റുകള്‍ക്കായുള്ള അനുബന്ധ ആവശ്യങ്ങളിലൂടെ പൊതുമേഖല ബാങ്കുകളുടെ മൂലധന പുനര്‍നിര്‍ണയത്തിനായി 20,000 കോടി രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍, അതായത് 2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ 3,10,997 കോടി രൂപ സര്‍ക്കാര്‍ ഈ മേഖലയില്‍ നിക്ഷേപിച്ചു.

അതില്‍ 34,997 കോടി രൂപ ബജറ്റ് വിഹിതത്തിലൂടെയും 2,76,000 കോടി രൂപ മൂലധന പുനര്‍നിര്‍ണയ ഇഷ്യു വഴിയും കണ്ടെത്തി. പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളും ആദ്യ പാദത്തില്‍ ഏകദേശം 15,306 കോടി രൂപയാണ് ലാഭം നേടിയത്. ഇത് സെപ്റ്റംബര്‍ പാദത്തില്‍ 25,685 കോടി രൂപയായി.

വാര്‍ഷികാടിസ്ഥാനത്തില്‍, ആദ്യ പാദത്തില്‍ ഒമ്പത് ശതമാനമായിരുന്ന വളര്‍ച്ച രണ്ടാം പാദത്തില്‍ 50 ശതമാനമായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ എസ്ബിഐ എക്കാലത്തെയും ഉയര്‍ന്ന ലാഭമായ 13,265 കോടി രൂപ രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 74 ശതമാനമാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും മൊത്തം അറ്റാദായം 32 ശതമാനം വര്‍ധിച്ച് 40,991 കോടി രൂപയായി. 2021-22ല്‍ കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും സംയോജിത ലാഭം 66,539 കോടി രൂപയെന്ന നിലയിലെത്തി.

ഒരു ഇടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പല ബാങ്കുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭവിഹിതം പ്രഖ്യാപിച്ചു. എസ്ബിഐ ഉള്‍പ്പെടെ ഒമ്പത് ബാങ്കുകള്‍ ഓഹരി ഉടമകള്‍ക്ക് 7,867 കോടി രൂപ ലാഭവിഹിതമാണ് പ്രഖ്യാപിത്. പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സെപ്റ്റംബര്‍ പാദത്തിലെ മൊത്തം അറ്റാദായം 50 ശതമാനം വര്‍ധിച്ച് 25,685 കോടി രൂപയായി ഉയര്‍ന്നു.

Tags:    

Similar News