കേന്ദ്ര ബജറ്റില്‍ പുതിയ നികുതി സ്ലാബുകള്‍ കൂട്ടിച്ചേര്‍ത്തേക്കും: റിപ്പോര്‍ട്ട്

  • പുതിയ ആദായ നികുതി പരിധി സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു.

Update: 2023-01-25 07:22 GMT

ഡെല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഓരോ മേഖലയ്ക്കും പ്രതീക്ഷകള്‍ നിരവധിയാണ്. ആദായ നികുതി സംബന്ധിച്ച പരിഷ്‌കാരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ആദായ നികുതി സ്ലാബുകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചേക്കാമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

ആദായ നികുതി പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച നിരവധി നിര്‍ദ്ദേശങ്ങളുടെ പരിശോധനകള്‍ക്കൊടുവില്‍ കൂടുതല്‍ നികുതി സ്ലാബുകള്‍ കൂട്ടിച്ചേര്‍ക്കുകയും, ഓരോ സ്ലാബിലെയും വരുമാന പരിധി കുറയ്ക്കുകയും ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

പുതിയ ആദായ നികുതി പരിധി സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്, ഒന്ന് ലളിതമായി സൂക്ഷിക്കാന്‍ സാധിക്കുന്നതും കൂടുതല്‍ സ്വീകാര്യതയുള്ളതുമായ പുതിയ ആദായ നികുതി പരിധി. രണ്ട് കൂടുതല്‍ ആളുകളെ റവന്യു ന്യൂട്രലിലേക്ക് മാറ്റുക.

നിലവില്‍ ആദായ നികുതിയില്‍ ആറ് സ്ലാബുകളാണുള്ളത്. വരുമാനം 2.5 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ അഞ്ച് ശതമാനം നികുതി ബ്രാക്കറ്റിലും, അഞ്ചു ലക്ഷം രൂപ മുതല്‍ 7.50 ലക്ഷം രൂപ വരെ 10 ശതമാനം, 7.50 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനം, 10 ലക്ഷം മുതല്‍ 12.50 ലക്ഷം വരെ 20 ശതമാനം, 12.50 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം, 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനം എന്നിങ്ങനെ നികുതി ബ്രാക്കറ്റിലുമാണ് വരുന്നത്.

പുതിയ ആദായ നികുതി പരിധി അവതരിപ്പിക്കുകയാണെങ്കില്‍ നികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയേക്കാമെന്നും, ഭവന വായ്പയുടെ പലിശ തുടങ്ങിയ കാര്യങ്ങള്‍ക്ക് നികുതി ഇളവ് അനുവദിച്ചേക്കാമെന്നുമാണ് സൂചന.

Tags:    

Similar News