എച്ച്-1 ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടി

ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടി

Update: 2025-09-20 05:15 GMT

അമേരിക്കയിലെ സാങ്കേതിക മേഖലയിലേക്ക് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് കുടിയേറാന്‍ അവസരം നല്‍കുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ ഉയര്‍ത്തി. വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ ടെക്കികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് യു.എസ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്.

ഇനി മുതല്‍ കമ്പനികള്‍ ഓരോ വിസക്കും ഒരു ലക്ഷം ഡോളര്‍ വിസ ഫീസായി നല്‍കേണ്ടി വരുമെന്ന് യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹവാര്‍ഡ് ലുട്ട്‌നിക് പറഞ്ഞു. യു.എസ് ബിരുദധാരികള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്റെ നീക്കത്തോട് യു.എസ് ടെക് വമ്പന്‍മാരായ ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല. 1990ലാണ് എച്ച്-1ബി വിസ സംവിധാനം യു.എസില്‍ അവതരിപ്പിക്കുന്നത്.

എച്ച്-1ബി വിസ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യു.എസില്‍ വിതരണം ചെയ്യുന്ന എച്ച്-1ബി വിസകളില്‍ 71 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് നല്‍കുന്നത്. 11.7 ശതമാനത്തോടെ ചൈനയാണ് രണ്ടാമത്. മൂന്ന് വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയാണ് എച്ച്-1ബി വിസയുടെ കാലാവധി. ഈ വര്‍ഷം 85,000 പേര്‍ക്കാണ് എച്ച്-1ബി വിസ അനുവദിച്ചത്.

Tags:    

Similar News