അദാനി ഗ്രൂപ്പിൽ നിക്ഷേപം സ്വതന്ത്രമായി; വാഷിങ്ടൺ പോസ്റ്റ് വാർത്ത നിരാകരിച്ച് എൽഐസി
അദാനി ഗ്രൂപ്പ് നിക്ഷേപം; വാഷിങ്ടൺ പോസ്റ്റ് വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിശദീകരണവുമായി എൽഐസി
അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയത് സ്വതന്ത്രമായാണെന്നും അദാനിയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയെ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിശദീകരിച്ച് എൽഐസി. നിക്ഷേപ തീരുമാനങ്ങളില്‍ ബാഹ്യ സ്വാധീനമുണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
അദാനിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ എല്‍ഐസിയുടെ മൂന്നര ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ട് വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എല്‍ഐസി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ധനകാര്യമന്ത്രാലയത്തിൻ്റെ സഹായത്തോടെ മെയ് മാസത്തിൽ നിക്ഷേപ പദ്ധതി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്ന് എല്‍ഐസി അറിയിച്ചു.
ആരോപിക്കപ്പെട്ടിരിക്കുന്നതുപോലുള്ള ഒരു രേഖയോ പദ്ധതിയോ എല്‍ഐസി ഇതുവരെ തയ്യാറാക്കിയിട്ടില്ല. ബോര്‍ഡ് അംഗീകരിച്ച നയങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായാണ് സ്ഥാപനം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത്. എല്ലാ നിക്ഷേപ തീരുമാനങ്ങളും നിയമ വ്യവസ്ഥകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പാലിച്ചാണെന്നും എൽഐസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ മുൻനിര കമ്പനികളിലെ നിക്ഷേപത്തിൻ്റെ മൂല്യം 2014 മുതൽ എൽഐസി 10 മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. 1.56 ലക്ഷം കോടി രൂപയിൽ നിന്ന് 15.6 ലക്ഷം കോടി രൂപയായാണ് നിക്ഷേപം ഉയർന്നത്. എൽഐസിയുടെ എല്ലാ നിക്ഷേപ തീരുമാനങ്ങളും നിലവിലുള്ള ബോർഡ് നയങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണെന്നാണ് എൽഐസിയുടെ വെളിപ്പെടുത്തൽ.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ നിക്ഷേപ തീരുമാനങ്ങളിൽ സ്വാധീനിക്കാനാകില്ലെന്നും എൽഐസി വ്യക്തമാക്കി. 'AAA' ക്രെഡിറ്റ് റേറ്റിംഗുള്ള അദാനി പോർട്ട്സ് & സെസിൽ എൽഐസി 2025 മെയിൽ നടത്തിയ നിക്ഷേപം ചൂണ്ടിക്കാട്ടിയായിരുന്നു വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. നിക്ഷേപത്തിൽ ധനകാര്യ വകുപ്പിൻ്റെ സ്വാധീനമുണ്ടെന്ന റിപ്പോർട്ട് ഏറെ ചർച്ചയായിരുന്നു.
