വീട് നോക്കുകയാണോ? ഈ നഗരങ്ങളിൽ വില ഉയർന്നു
വീട് നോക്കുകയാണോ? കഴിഞ്ഞ രണ്ടുമാസമായി പ്രധാന നഗരങ്ങളിൽ നിരക്ക് വർധന
രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീണ്ടും വീടുകൾക്ക് വില ഉയരുന്നു. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പല പ്രധാന നഗരങ്ങളിലും ഭവന വിലയിൽ 7 മുതൽ 19 ശതമാനം വരെ വർധനയുണ്ട്. ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് അഡ്വൈസറി കമ്പനിയായ പ്രോപ് ടൈഗറിൻ്റേതാണ് റിപ്പോർട്ട്. വീണ്ടും റെസിഡൻഷ്യൽ പ്രോജക്റ്റുകൾക്ക് ഡിമാൻഡ് ഉയർന്നതാണ് ഭവന വിലയിലെ വർധനവിന് കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലക്ഷ്വറി പ്രോജക്റ്റുകൾക്കും ഡിമാൻഡ് ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ വീണ്ടും വീടുവിലയിൽ കുത്തനെ വർധനയുണ്ട്. 19 ശതമാനമാണ് വില ഉയർന്നത്.
ഡിമാൻഡ് ഉയർന്നതിനെ തുടർന്ന് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് വില ഉയർന്ന മറ്റു നഗരങ്ങൾ, ബെംഗളൂരുവും ഹൈദരാബാദുമാണ്. ഇരട്ട അക്ക വളർച്ചയാണ് ഈ നഗരങ്ങൾ കൈവരിച്ചത്. ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഡൽഹി-എൻസിആറിലെ വീടുകളുടെ ശരാശരി വില ചതുരശ്ര അടിക്ക് 8,900 രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ചതുരശ്ര അടിക്ക് 7,479 രൂപയായിരുന്നു ഇത്. അതേസമയം ബെംഗളൂരുവിൽ 15 ശതമാനവും ഹൈദരാബാദിൽ 13 ശതമാനവുമാണ് പ്രോപ്പർട്ടി നിരക്കിലെ വാർഷിക വളർച്ച.
ചെന്നൈയിലും വില വർധന
ബെംഗളൂരുവിൽ ചതുരശ്ര അടിക്ക് 7,713 രൂപയിൽ നിന്ന് 8,870 രൂപയായി നിരക്ക് ഉയർന്നു. ഹൈദരാബാദിൽ ചതുരശ്ര അടിക്ക് 6,858 രൂപയിൽ നിന്ന് 7,750 രൂപയായാണ് നിരക്ക് ഉയർന്നത്. അഹമ്മദാബാദിൽ 7.9 ശതമാനവും ചെന്നൈയിൽ ഒൻപത് ശതമാനവും വില വർധിച്ചു.
