കോഴിമുട്ടയ്ക്ക് റെക്കോര്‍ഡ് വില
ശബരിമല സീസണില്‍ ഡിമാന്റ് കുറഞ്ഞിട്ടും കോഴിമുട്ട വില ഉയര്‍ന്നതിന്റെ അതിശയത്തിലാണ് വിപണി.
പ്രധാന മുട്ട കയറ്റുമതി കേന്ദ്രമായ തമിഴ്നാട് നാമക്കലിലെ ഉല്‍പാദന ഫാമുകളില്‍ ഒരു കോഴിമുട്ടയ്ക്ക് വില 6.05 രൂപ കടന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉല്‍പ്പാദന ഇടിവും ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വര്‍ധനയുമാണ് വില ഉയരാന്‍ കാരണം. 2024 ഡിസംബര്‍ 9ലെ 5.90 രൂപയെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്.
ശബരിമല സീസണായതിനാല്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ശബരിമല സീസണില്‍ പൊതുവേ ഡിമാന്‍ഡ് താഴുകയും വില കുറയുകയും ചെയ്യേണ്ടതാണ്.
പല സംസ്ഥാനങ്ങളിലും മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ തണുപ്പുകാലം അവസാനിക്കുന്നത് വരെ വില ഉയര്‍ന്ന് നില്‍ക്കാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. നവംബറിന്റെ ആദ്യദിവസങ്ങളില്‍ 5.40 രൂപയായിരുന്ന വിലയാണ് പിന്നീട് ഓരോ ദിവസവും ഏതാണ്ട് 5 പൈസ വീതം ഉയര്‍ന്നു.കയറ്റുമതി വര്‍ധിക്കുകയും ചെയ്തത് വില കൂടാനിടയാക്കുന്നു.
ദേശീയ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (എന്‍ഇസിസി) വിലയിരുത്തല്‍പ്രകാരം ദേശീയതലത്തില്‍തന്നെ മുട്ട ഉല്‍പാദനം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം, ഗള്‍ഫിലേക്കും മറ്റുമുള്ള കയറ്റുമതി ഉയരുകയും ചെയ്തു. പ്രതിദിനം 60 മുതല്‍ 80 ലക്ഷം മുട്ടകള്‍വരെയാണ് ഗള്‍ഫിലേക്ക് പറക്കുന്നതെന്ന് കര്‍ണാടകയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ മുട്ടയുടെ ചില്ലറവില ശരാശരി 7.50 രൂപ കടന്നു. കര്‍ണാടകയിലെ മംഗളൂരുവില്‍ ചില്ലറവില 8 രൂപയ്ക്കും മൊത്തവില 7.50 രൂപയ്ക്കും മുകളിലാണ്. കഴിഞ്ഞയാഴ്ച 6.70 രൂപയായിരുന്നു മൊത്തവില. കഴിഞ്ഞവര്‍ഷം ഇതേ സീസണില്‍ 6.10-6.30 രൂപയായിരുന്നു മൊത്തവില. ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനിപ്പേടി മൂലം ഉല്‍പാദനം കുറഞ്ഞതും വില കൂടാനുള്ള കാരണായി വിലയിരുത്തുന്നുണ്ട്.
