സെന്‍യാര്‍ ചുഴലിക്കാറ്റെത്തുന്നു, തമിഴ്‌നാട്ടില്‍ കനത്ത മഴ, കേരളത്തിലും മഴ ശക്തമാകും

ഇത്തവണ പേര് നിര്‍ദ്ദേശിച്ചത് യുഎഇ

Update: 2025-11-25 04:04 GMT

ബംഗാള്‍ ഉള്‍ക്കടലില്‍ നിലവില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന് പുറമേ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപപ്പെട്ടു. ഇതോടെ ഈമാസം 28 വരെ തമിഴ്നാട്ടില്‍ വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദം മൂന്ന് ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപമായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങി ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായിമാറുമെന്നാണ് പ്രവചനം യുഎഇ നിര്‍ദേശിച്ച 'സെന്‍യാര്‍' എന്നാവും ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദങ്ങളും തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയുമെല്ലാം കേരളത്തിലും മഴ ശക്തമാക്കിയേക്കും.

തമിഴ്നാട്ടില്‍ തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, ശിവഗംഗ, രാമനാഥപുരം, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴപെയ്യും. തമിഴ്നാടിന്റെ മറ്റ് ജില്ലകളില്‍ ഇടിമിന്നലോടെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ആ മാസം 29-ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, വില്ലുപുരം, കള്ളക്കുറിച്ചി എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസങ്ങളില്‍ തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.



Tags:    

Similar News