ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നല്‍കി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്

Update: 2022-11-23 09:15 GMT

india australia trade agreement


ഡെല്‍ഹി: ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ ഏപ്രിലില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കി 45-50 ബില്യണ്‍ ഡോളറിലേക്ക് എത്താന്‍ സഹായിക്കുന്നതാണ് ഈ കരാര്‍. 2023 ജനുവരി മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ രണ്ടിന് ഒപ്പുവെച്ച കരാര്‍ പ്രകാരം ടെക്‌സ്റ്റൈല്‍, ലെതര്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, യന്ത്രസാമഗ്രികകള്‍ ഉള്‍പ്പെടെ 6,000 ലധികം മേഖലകളിലെ ഇന്ത്യന്‍ കയറ്റമതിക്കാര്‍ക്ക് ഓസ്ട്രേലിയന്‍ വിപണിയില്‍ തീരുവ ഒഴിവാക്കി പ്രവേശനം ലഭിക്കും.

ടെക്സ്‌റ്റൈല്‍സ്, വസ്ത്രം, ചില കാര്‍ഷിക-മത്സ്യ ഉത്പന്നങ്ങള്‍, ലെതര്‍, പാദരക്ഷ, ഫര്‍ണിച്ചര്‍, സ്പോര്‍ട്സ് ഉത്പന്നങ്ങള്‍, ആഭരണം, മെഷീനറി, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള തൊഴില്‍ ശക്തി കൂടുതല്‍ വേണ്ട മേഖലകള്‍ക്കാണ് കൂടുതല്‍ നേട്ടം.

നിലവിലെ 31 ബില്യണ്‍ ഡോളറില്‍ നിന്നും അടുത്ത അഞ്ച്-ആറ് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം 45-50 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ കരാറിലൂടെ കഴിയുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. മൗറീഷ്യസ്, യുഎഇ വ്യാപാര ഉടമ്പടികള്‍ക്ക് ശേഷം സര്‍ക്കാര്‍ ഒപ്പിടുന്ന മൂന്നാമത്തെ കരാറാണിത്.

ഓസ്ട്രേലിയന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി മേഖലയെ സഹായിക്കുന്ന ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ (ഡിടിഎഎ) ഭേദഗതിക്കും ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.

Tags:    

Similar News