റഷ്യയുടെ 'ലൂണ' ചന്ദ്രനില്‍ തകര്‍ന്നു വീണു
- ലൂണയുമായുള്ള ആശയവിനിമയം ഇന്നലെ നഷ്ടപ്പെട്ടിരുന്നു
- ചന്ദ്രയാന്‍ 3ന് ഒപ്പം അയക്കാന്‍ ലക്ഷ്യമിട്ടിരുന്ന പേടകം
റഷ്യ വിക്ഷേപിച്ച ബഹിരാകാശ പേടകം 'ലൂണ 25' ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീണുവെന്ന് സ്ഥിരീകരണം. പേടകവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി റഷ്യന്‍ അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. നേരത്തേ ഇന്ത്യയുടെ ചന്ദ്രയാന്‍ 3 -ന് ഒപ്പം ചന്ദ്രനില്‍ ഇറക്കാന്‍ ആസൂത്രണം ചെയ്തിരുന്ന പേടകമാണ് ലൂണ 25.
ഓഗസ്റ്റ് 15 നാണ് ലൂണയുടെ പുതിയ പതിപ്പ് വിക്ഷേപിക്കപ്പെട്ടത്. നാളെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാകും എന്നായിരുന്നു കണക്കുകൂട്ടല്‍. ആദ്യ ഘട്ടത്തില്‍ ലൂണയില്‍ നിന്ന് ചന്ദ്രന്‍റെ ചിത്രങ്ങള്‍ എത്തിയിരുന്നു. ഇത് ഇന്നലെ റഷ്യ പുറത്തുവിട്ടു. എന്നാല്‍ താഴെയിറക്കാനുള്ള ശ്രമത്തിനിടെ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
"പേടകം പ്രവചനാതീതമായ ഒരു ഭ്രമണപഥത്തിലേക്ക് നീങ്ങുകയും പിന്നീട് ചന്ദ്രന്റെ ഉപരിതലവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായി നിലക്കുകയും ചെയ്തു," റഷ്യയുടെ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ് പ്രസ്താവനയിൽ പറഞ്ഞു.
ശീതയുദ്ധ മത്സരത്തിനു ശേഷം റഷ്യയുടെ ബഹിരാകാശ ശക്തിയില്‍ ഉണ്ടായിട്ടുള്ള ശോഷണത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസം എന്നാണ് വിലയിരുത്തപ്പെടുന്നത്. മോസ്കോയാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ആദ്യമായി ഒരു ഉപഗ്രഹം വിക്ഷേപിച്ചത്, 1957ലെ സ്പുട്നിക് 1. സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാറിൻ 1961-ൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ മനുഷ്യനായി.
1976 ൽ ലിയോണിഡ് ബ്രെഷ്നെവ് ഭരണകാലത്ത് നടപ്പാക്കിയ ലൂണ -24 ന് ശേഷം റഷ്യ ചാന്ദ്രദൗത്യത്തിന് ശ്രമിച്ചിരുന്നില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം റഷ്യ പയറ്റിയ പേടകം ഇപ്പോള്‍ തകരുകയും ചെയ്തിരിക്കുന്നു.
