ബൈജൂസിനായി മണിപ്പാൽ; മുന്നിലുള്ളത് വെല്ലുവിളികൾ

ബൈജൂസ് കരകയറുമോ? ഏറ്റെടുക്കലിന് മണിപ്പാലിന് മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല.

Update: 2025-11-07 09:42 GMT

കടക്കെണിയിലായ ബൈജൂസിനെ രക്ഷിക്കാൻ മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് തന്നെ രംഗത്ത് വരികയാണ്. കമ്പനി മേധാവി രഞ്ജൻ പൈ തന്നെയാണ് ബൈജൂസിൻ്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ താൽപര്യപത്രം സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ബൈജൂസിന് കീഴിലുള്ള ആകാശ് എജ്യുക്കേഷണൽ സർവീസസിൽ കമ്പനിക്ക് ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ തിങ്ക് ആൻഡ് ലേണിന്റെ 25 ശതമാനം ഓഹരികൾ കൂടെ സ്വന്തമാക്കാനാണോ മണിപ്പാൽ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെ പൂർണമായി ഏറ്റെടുക്കുമോ അതോ പ്രധാന ആസ്തികൾ ഭാഗികമായി ഏറ്റെടുക്കാനാണോ താൽപ്പര്യപത്രം സമർപ്പിച്ചിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. കമ്പനി പൂർണമായി ഏറ്റെടുക്കാനായാൽ എഡ്ടെക്ക് രംഗത്തേക്കുള്ള മണിപ്പാലിൻ്റെ തന്ത്രപരമായ കടന്നുവരവ് കൂടെയാകും ഇത്.

എഡ്ടെക്ക് ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തേക്ക്?

വിദ്യാഭ്യാസ ആരോഗ്യ മേഖലയൃകളിൽ ശക്തമായ സാനിധ്യമറിയിച്ചിരിക്കുന്ന കമ്പനിയാണ് മണിപ്പാൽ . എഡ്ടെക്ക്, ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.ഒരുകാലത്ത് ഇന്ത്യയിലെയും ലോകത്തിലെയും ഏറ്റവും മൂല്യമേറിയ എഡ്ടെക് സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ബൈജൂസ്. എന്നാൽ കടക്കെണിയും പ്രവർത്തനത്തിലെ താളപ്പിഴവുകളും ബൈജൂസിന് തിരിച്ചടിയായി.

തിങ്ക് ആൻഡ് ലേണിൽ മണിപ്പാലിന് കൂടുതൽ നിക്ഷേപങ്ങൾ നടത്താനായാൽ പൂർണ്ണമായ തകർച്ചയിൽ നിന്ന് കമ്പനിക്ക് തിരിച്ചുവരാനായേക്കും.  അതേസമയം  തിങ്ക് ആൻഡ് ലേണിൻ്റെ കനത്ത സാമ്പത്തിക ബാധ്യത മാത്രമല്ല നിയമപരമായ നൂലാമാലകളും മണിപ്പാലിന് മുന്നിലുണ്ട്. അന്തിമ ഏറ്റെടുക്കലിനായി ഒട്ടേറെ കടമ്പകൾ കടക്കേണ്ടതായി വരും.

Tags:    

Similar News