പ്രതീക്ഷയുടെ മരുപ്പച്ചയും കേരളത്തിന്റെ മസ്തിഷ്ക ചോർച്ചയും

  • പ്രവേശന മാനദണ്ഡമായ ഐഇഎല്‍ടിഎസിന്റെ നിയമസാധുത രണ്ട് വര്‍ഷം വരെയാണ്

Update: 2023-06-20 07:51 GMT

പണ്ട് മോഹന്‍ലാല്‍-ശ്രീനിവാസൻ കൂട്ടുകെട്ടില്‍ പിറന്ന അക്കരെ അക്കരെ അക്കരെ സിനിമയില്‍ അമേരിക്ക സ്വപ്‌നം കാണുന്ന ദാസനേയും വിജയനേയും മലയാളികള്‍ അത്രപെട്ടെന്ന് മറക്കില്ല. വിദേശത്തേയ്ക്ക് എങ്ങനെയെങ്കിലും കടന്നു കിട്ടാന്‍ ദാസനും വിജയനും പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്. പറഞ്ഞ് വന്നത് മലയാളികള്‍ ഇപ്പോഴും സ്വപ്‌നം കാണുന്നത് സായിപ്പിന്റെ നാടു തന്നെയാണ് എന്നതാണ്. മികച്ച വിദ്യാഭ്യാസവും ജോലിയും ജീവിതസാഹചര്യവും ഇപ്പോഴും കടല്‍കടന്ന് കെട്ടിപ്പടുക്കാനാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നത്.

പ്രവേശന പരീക്ഷ നല്‍കുന്ന കടമ്പകള്‍

വിദേശ പഠനത്തിന് പലര്‍ക്കും ഇന്നൊരു കടമ്പ ഐഇഎല്‍ടിഎസ് (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗേജ് ടെസ്റ്റിംഗ് സിസ്റ്റം) ആണ്. മികച്ച ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമാണ് ഐഇഎല്‍ടിഎസിനാവശ്യം. എന്നാല്‍ പല രാജ്യങ്ങളും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം സ്വന്തം രാജ്യത്തിന്റെ ഭാഷയില്‍ കൂടി പ്രാവീണ്യം ആവശ്യപ്പെടുന്നുണ്ട്. ഇവിടെയാണ് കോച്ചിംഗ് സെന്ററുകള്‍ താരങ്ങളാകുന്നത്. കേരളത്തില്‍ ഇന്ന് പല തരത്തിലുള്ള അക്കാദമികള്‍ ഉണ്ടെങ്കിലും ഐഇഎല്‍ടിഎസ് കോച്ചിംഗ് സെന്ററുകളാണ് താരം. ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങി പല വിദേശ ഭാഷകള്‍ക്കും ഇന്ന് നഗരത്തിലെവിടേയും കോച്ചിംഗ് ലഭ്യമാണ്. കൂടാതെ ആരോഗ്യ മേഖലയിലേക്കുള്ളവര്‍ക്കായി ഒഇടി, പേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് -പിടിഇ എന്നീ കോഴ്‌സുകള്‍ക്ക് പ്രിയം ഏറെയാണ്.

ബ്രിട്ടണ്‍, കാനഡ, സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യം കാണിക്കുന്നത്. ഇത് തന്നെയാണ് അക്കാദമികളും തിരഞ്ഞെടുത്തിരിക്കുന്നത്.

''പല രാജ്യങ്ങളും ഐഇഎൽടിഎസ് ഇല്ലാതെ ആളുകളെ സ്വീകരിക്കുന്നുണ്ട്. പല രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പോകുന്നുമുണ്ട്. പക്ഷെ പലര്‍ക്കും അറിയാത്ത കാര്യം ഐഇഎല്‍ടിഎസ് ഇല്ലാതെ എത്തിക്കഴിഞ്ഞാല്‍ പെര്‍മനന്റ് റസിഡന്‍സി (പിആര്‍) കിട്ടാന്‍ സാധ്യത കുറവാണ്. യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂഡിലന്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് ധാരാളം കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇവിടെ എല്ലാം പിആര്‍ കിട്ടാന്‍ ഐഇഎല്‍ടിഎസ് ആവശ്യമാണ്. ജര്‍മ്മനി ഇതില്‍ നിന്നും വ്യത്യസ്തമാണ്. ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ ഇവിടെ സ്വീകരിക്കപ്പെടും. ഐഇഎല്‍ടിഎസ് ഇല്ലാതെ പോകുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ വിദേശ രാജ്യങ്ങളില്‍ താമസിച്ച് തിരിച്ച് വരാന്‍ സാധിക്കും,' കോച്ചിംഗ് അക്കാദമിയായ ഐഐഎല്‍ടിയിലെ ഐഇഎല്‍ടിഎസ് മാസ്റ്റര്‍ ട്രെയിനറായ ശ്രുതി ടി പങ്കജ് പറയുന്നു.

'രണ്ട് വര്‍ഷം വരെയാണ് ഐഇഎല്‍ടിഎസിന്റെ നിയമസാധുത. വിദേശ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായാണ് ഐഇഎല്‍ടിഎസ് ആവശ്യമുള്ളത് അതിനാല്‍ ഇതൊരു പ്രവേശന മാനദണ്ഡം മാത്രമാണ്. പരീക്ഷ എഴുതി രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശ സ്വപ്‌നം എത്തിപ്പിടിക്കാം. 16,000 രൂപ മുതല്‍ 50,000 വരെ ഫീസ് ഐഇഎല്‍ടിഎസ് പരിശീലനത്തിന് ഈടാക്കുന്നുണ്ട്. ഏപ്രില്‍ മുതലാണ് ഫീസില്‍ ഈ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. കംപ്യൂട്ടര്‍ അധിഷ്ടിതമായ പരീക്ഷ (സിബിടി), എഴുത്ത് പരീക്ഷ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഐഇഎല്‍ടിഎസ് പരീക്ഷയുള്ളത്. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി ഏഴ് വിഭാഗത്തിലാണോ മാര്‍ക്ക് കുറവ് അത് മാത്രം എടുത്ത് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഇപ്പോഴുണ്ട്. സിബിടിയില്‍ മാത്രമാണ് ഇത് സാധ്യമാകുക,' ശ്രുതി പറഞ്ഞു.

കൊവിഡ് കഴിഞ്ഞു, വീണ്ടും ഒഴുകിത്തുടങ്ങി

കൊവിഡ് ആഗോള വില്ലനായി മാറിയപ്പോള്‍ വിദേശ ട്രെന്‍ഡിന് കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഈ ഒഴുക്ക് പതിയെ ശക്തിപ്രാപിച്ച് വരികയാണ്.

ഈ വര്‍ഷാരംഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2022 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകുന്നത്.



 


ഈ കണക്കുകള്‍ പ്രകാരം, 6,46,206 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്. ഇതില്‍ 12 ശതമാനം ആന്ധ്രാപ്രദേശില്‍ നിന്നും 12 ശതമാനം പഞ്ചാബില്‍ നിന്നും 11 ശതമാനം മഹാരാഷ്ട്രയില്‍ നിന്നുമാണ് എന്ന് ഓക്സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയ മറ്റൊരു പഠനം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതില്‍ നാലു ശതമാനം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നും വിദേശത്തേക്ക് പഠനത്തിനായി പോയത്.

പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ്, പെര്‍മനന്റ് റെസിഡന്‍സി എന്നിവയാണ് പ്രധാന ആകര്‍ഷമായി വിദ്യാര്‍ത്ഥികള്‍ കണക്കാക്കുന്നത്. ഇവ പ്രാത്സാഹിപ്പിക്കുന്നതിന് നമ്മുടെ ബാങ്കുകളും മത്സരത്തിലാണ്. മികച്ച വായ്പാ ഓഫറുകളാണ് പല ബാങ്കുകളും നല്‍കുന്നത്.

ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 2022-2023 ല്‍ വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുന്നതില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 35 മുതല്‍ 40 ശതമാനം വരെ വളര്‍ച്ച കൈവരിച്ചിക്കുമെന്നാണ് പറയുന്നത്. കണക്കുകള്‍ പ്രകാരം 35,000 കോടി രൂപയോളം പ്രസതുത സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ നേട്ടമുണ്ടാക്കുമെന്ന്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപയോളമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിയമത്തിനൊരുങ്ങുന്ന കേരളം

കേരളത്തില്‍ നിന്നും പ്രതിവര്‍ഷം ഏതാണ്ട് 35000 കുട്ടികളാണ് പഠനത്തിനായി വിദേശത്തേയ്ക്ക് പോകുന്നത്. ഫീസിനത്തില്‍ കേരളത്തില്‍ നിന്നും വലിയ തോതില്‍ പണം പുറത്തേക്ക് പോകുന്നുവെന്നാണ് സംസ്ഥാനം ആരോപിക്കുന്നത്.

വിദേശത്ത് പോകുന്ന യുവാക്കള്‍ അവിടെ സ്ഥിരതാമസമാക്കുന്നതിനാല്‍ തൊഴിലെടുക്കാന്‍ പര്യാപ്തരായ യുവജനങ്ങള്‍ കേരളത്തില്‍ കുറയുമെന്നതും വസ്തുതയാണ്. ഈ മസ്തിഷ്‌ക ചോര്‍ച്ച ഭാവിയില്‍ സംസ്ഥാനത്തിന് കനത്ത വെല്ലുവിളിയാകും. അതിനാലാണ് ചൈന പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. പല കുട്ടികളും മികച്ച യൂണിവേഴ്‌സിറ്റികളിലല്ല പഠനത്തിനെത്തുന്നതെന്നും സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയാവില്ലെന്ന് ഉറപ്പിക്കാനുമാണ് നിയമ നിര്‍മ്മാണ ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇതിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി പ്രൊഫസര്‍മാരേയും അഭിഭാഷകരേയും ഉള്‍പ്പെടുത്തി സമിതിയും രൂപികരിച്ചിട്ടുണ്ട്.

കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച ആസ്തി മസ്തിഷ്‌കങ്ങള്‍ തന്നെയാണ്. ഈ മലയാളി തലകള്‍ എത്താത്ത മേഖലകളില്ലെന്നുള്ളത് പരമാര്‍ത്ഥം. മികച്ച വിദ്യാഭ്യാസവും അവസരങ്ങളും തേടി വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും രാജ്യം വിടുമ്പോള്‍ മസ്തിഷ്‌ക ചോര്‍ച്ച കേരളത്തെ മുക്കാത്തിരിക്കട്ടെ.

Tags:    

Similar News