വന്യ മൃഗങ്ങളില്‍ നിന്ന് രോഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക്

വനാതിര്‍ത്തിയോടു ചേര്‍ന്ന് മാനുകള്‍ കൂടുതലായുള്ള റബര്‍ തോട്ടങ്ങളിലാണ് ചെള്ളു വ്യാപകമായിട്ടുള്ളത്

Update: 2025-11-19 10:26 GMT

മാനും മയിലും കൂട്ടത്തോടെയെത്തുന്ന കൃഷിയിടങ്ങളില്‍ ചെള്ളുശല്യം രൂക്ഷമെന്ന് കര്‍ഷകര്‍. വനഭൂമിയില്‍ നിന്നിറങ്ങുന്ന മാന്‍, മയില്‍, കാട്ടുപന്നി എന്നിവയുടെ ശരീരത്തില്‍ കണ്ടുവരുന്ന ചെള്ളാണു കൃഷിയിടത്തിലും കര്‍ഷകരുടെയും തൊഴിലാളികളുടെയും വളര്‍ത്തുമൃഗങ്ങളിലും പടരുന്നത്.

വനാതിര്‍ത്തിയോടു ചേര്‍ന്ന് മാനുകള്‍ കൂടുതലായി തമ്പടിക്കുന്ന റബര്‍ തോട്ടങ്ങളിലാണ് ചെള്ളു വ്യാപകമായിട്ടുള്ളത്. കൃഷിയിടത്തിലേക്ക് കൂട്ടമായി ഇറങ്ങുന്ന മാനുകള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് പുറമേ മാനുകളുടെ ശരീരത്തില്‍ നിന്നുള്ള ചെള്ളുകളും കര്‍ഷകര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.

ചെള്ള് ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ചെള്ള് കടിക്കാതിരിക്കാന്‍ ലേപനങ്ങള്‍ പുരട്ടി പരീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നായ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളില്‍ കയറുന്ന ചെള്ളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇവയുടെ ശരീരത്തില്‍ ആകമാനം നിറയുകയും നായ പിന്നീട് തീറ്റ എടുക്കാതെ ചെള്ള് പനി ബാധിച്ച് കിടപ്പിലാകുന്ന സ്ഥിതിയുമുണ്ട്.


കൃഷിയിടങ്ങളില്‍ നിന്ന് മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും ശരീര ഭാഗങ്ങളില്‍ കയറിക്കൂടിയ ചെള്ളുകള്‍ കടിച്ചു നിന്നാലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാറില്ല. ചെള്ള് കടിച്ചു തൂങ്ങിയ ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും വേദനയുമുണ്ടാകും. ചെള്ളിനെ കടിയേറ്റ ഭാഗത്ത് നിന്നും നീക്കം ചെയ്യുക പ്രയാസകരമാണ്. മാന്‍ ചെള്ളിന്റെ കടിയേല്‍ക്കുന്നവരില്‍ ചിലര്‍ക്ക് പനിയും ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ പോലുള്ള അലര്‍ജിയും അനുഭവപ്പെടാറുണ്ട്.

Tags:    

Similar News