ഇന്ത്യയില്ലാതെ എന്ത് വാഹന വിപണി? പക്ഷേ ഇവി സ്വീകാര്യത മന്ദഗതിയില്‍; കാരണങ്ങള്‍ അറിയാം
- ഇന്ത്യയിലെ കാര്‍ വില്‍പ്പന കുതിക്കും
- വൈദ്യുത വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടാറ്റ മോട്ടോഴ്സ്
ഇന്ത്യയില്ലാതെ എന്ത് ആഗോള വാഹന വിപണിയെന്ന് മൂഡീസ് റേറ്റിംഗ്‌സ്. വരും വര്‍ഷങ്ങളിലും ആഗോള വാഹന നിര്‍മ്മാതാക്കളുടെ പദ്ധതികളില്‍ ഇന്ത്യ പ്രധാനമായി തുടരുമെന്ന് മൂഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയും വരുമാന വര്‍ദ്ധനവും ഇതിന് കാരണമാണ്. എന്നാല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ഇപ്പോഴും മന്ദഗതിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള്‍ ഇവിയോട് മുഖം തിരിക്കാന്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനം അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ്. കൂടാതെവിതരണ ശൃംഖലയിലെ തടസങ്ങളും പ്രശ്‌നമാണ്. അതിനാല്‍ ഇവിയിലേക്കുള്ള മാറ്റം ക്രമേണയായിരിക്കുമെന്നാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെ കാര്‍ വില്‍പ്പന 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരുമെന്നും ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഇത് 2030 ആകുമ്പോഴേക്കും ഏകദേശം 5.1 ദശലക്ഷം യൂണിറ്റിലെത്തുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ കടുത്ത മത്സരക്ഷമതയാണ് നിലനില്‍ക്കുന്നത്. ആഭ്യന്തര കമ്പനികളാണ് വില്‍പ്പനയുടെ നാലിലൊന്ന് വഹിക്കുന്നത്. ജാപ്പനീസ്, കൊറിയന്‍, ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ വിപണിയുടെ 70 ശതമാനത്തിലധികവും ആധിപത്യം സ്ഥാപിക്കുന്നു.
ഉയര്‍ന്ന ഇറക്കുമതി തീരുവകളാല്‍ പരമ്പരാഗതമായി സംരക്ഷിക്കപ്പെടുന്ന ആഭ്യന്തര വിപണി തുറക്കുന്നതിനുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന്റെ സൂചനയാണ് ഇന്ത്യയുടെ വ്യാപാര ചര്‍ച്ചകളും യുകെയുമായുള്ള സമീപകാല വ്യാപാര കരാറും നല്‍കുന്നതെന്ന് മൂഡീസ് നിരീക്ഷിച്ചു.
ശക്തമായ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടും, രാജ്യത്ത് വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.ടാറ്റ മോട്ടോഴ്സും ഹ്യുണ്ടായിയും ബാറ്ററി വൈദ്യുത വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഹോണ്ട പ്ലഗ്-ഇന്‍ ഹൈബ്രിഡുകളില്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു.
വൈദ്യുത വാഹന വിഭാഗത്തില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 2030 ആകുമ്പോഴേക്കും വാഹന നിര്‍മ്മാതാക്കള്‍ 10 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയുടെ വേഗത, രാജ്യവ്യാപകമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും വിശ്വസനീയമായ ആഭ്യന്തര ബാറ്ററി വിതരണ ശൃംഖലകളും ഉള്‍പ്പെടെയുള്ള ശക്തമായ ഒരു ആവാസവ്യവസ്ഥയുടെ വികസനത്തെ ആശ്രയിച്ചിരിക്കുന്നു,' മൂഡീസ് പറഞ്ഞു.
മലിനീകരണ നിയന്ത്രണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ചൈന, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ തങ്ങളുടെ നിരകളെ വൈദ്യുതീകരിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചയുള്ള പരമ്പരാഗത വാഹന വിപണി ആഗോള കമ്പനികള്‍ക്ക് നിര്‍ണായക ശ്രദ്ധാകേന്ദ്രമായി തുടരുന്നു.
പ്രാദേശിക വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത മന്ദഗതിയിലാണെങ്കിലും ചില വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യ ഒരു കയറ്റുമതി അടിത്തറയായും പ്രവര്‍ത്തിക്കുന്നുണ്ട്.
