ഭവന വായ്പ നിരക്കില്‍ 35 ബിപിഎസ് വര്‍ധനയുമായി എച്ച്ഡിഎഫ്സി

  • എച്ച്ഡിഎഫ്സിയുടെ പുതുക്കിയ പലിശ നിരക്ക് ക്രെഡിറ്റ് സ്‌കോര്‍ 800 ന് മുകളില്‍ ഉള്ളവര്‍ക്കാകും ലഭ്യമാകുക.

Update: 2022-12-20 05:39 GMT

മുംബൈ: വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സി പലിശ നിരക്ക് .35 ശതമാനം (35 ബേസിസ് പോയിന്റ്) ഉയര്‍ത്തി. ഇതോടെ എച്ച്ഡിഎഫ്സിയിലെ കുറഞ്ഞ വായ്പാ പലിശ നിരക്ക് 8.35 ശതമാനത്തില്‍ നിന്നും 8.65 ശതമാനമായി ഉയര്‍ന്നു. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം മേയ് മുതല്‍ എച്ച്ഡിഎഫ്സി പലിശ നിരക്കില്‍ 2.25 ശതമാനത്തിന്റെ (225 ബേസിസ് പോയിന്റ്) വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സിയുടെ പുതുക്കിയ പലിശ നിരക്ക് (8.65 ശതമാനം) ക്രെഡിറ്റ് സ്‌കോര്‍ 800 ന് മുകളില്‍ ഉള്ളവര്‍ക്കാകും ലഭ്യമാകുക.

ആര്‍ബിഐ റിപ്പോ നിരക്കില്‍ ഈ മാസം ആദ്യം .35 ശതമാനത്തിന്റെ (35 ബേസിസ് പോയിന്റിന്റെ) വര്‍ധന വരുത്തിയിരുന്നു. നിലവില്‍ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. ഇതിനെത്തുടര്‍ന്ന് മിക്ക ബാങ്കുകളും പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്ന സമയമാണ്. ഭവന വായ്പ വിഭാഗത്തിലെ മുന്‍നിരക്കാരായ എസ്ബിഐയാണ് നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ 750 നു മുകളിലുള്ളവര്‍ക്ക് 8.75 ശതമാനത്തിലാണ് വായ്പ നല്‍കുന്നത്.

പക്ഷേ, ഇത് എസ്ബിഐയുടെ ഉത്സവകാല ഓഫറിന്റെ ഭാഗമാണ്. ഈ ഓഫര്‍ 2023 ജനുവരി 31 ന് അവസാനിക്കും. എസ്ബിഐയുടെ സാധാരണ നിരക്ക് ക്രെഡിറ്റ് സ്‌കോര്‍ 800 നു മുകളിലുള്ളവര്‍ക്ക് 8.90 ശതമാനമാണ്. സമാന രീതിയില്‍ ഐസിഐസിഐ ബാങ്കിന്റെ ഉത്സവകാല ഓഫര്‍ നിരക്ക് 8.75 ശതമാനമാണ്. ഇതും ക്രെഡിറ്റ് സ്‌കോര്‍ 750 ന് മുകളിലുള്ളവര്‍ക്കെ ലഭിക്കൂ. ഡിസംബര്‍ 31 ന് ഈ ഓഫര്‍ അവസാനിക്കും. ബാങ്കിന്റെ സാധാരണ നിരക്ക് 8.95 ശതമാനമാണ്.

ആക്സിസ് ബാങ്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 30 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ ആറ് മാസത്തെ എംസിഎല്‍ആര്‍ 8.70 ശതമാനമായും, ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.75 ശതമാനമായും ഉയര്‍ന്നു.

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ വായ്പാ വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ 17.5 ശതമാനം വളര്‍ന്നുവെന്ന് വ്യക്തമാക്കുന്നു. ഡിസംബര്‍ രണ്ട് വരെ വായ്പ 131.06 ലക്ഷം കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.9 ശതമാനം വര്‍ധിച്ച് 175.24 ലക്ഷം കോടിയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News