ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തി വരുമാനം കുറയും: മക്കിന്‍സി
- അറ്റ പലിശ വരുമാനം കുറയുമെന്ന് ബാങ്കുകളുടെ നിഗമനം
- ആര്‍ഒഎ കഴിഞ്ഞ 5 വര്‍ഷം തുടര്‍ച്ചയായി ഉയര്‍ന്നു
- 0.8% മുതൽ 1% വരെ ഇടിവ് പ്രതീക്ഷിക്കുന്നു
അടുത്ത 24-30 മാസങ്ങളിൽ ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തികളിൽ നിന്നുള്ള വരുമാനത്തിൽ (ആര്‍ഒഎ) ഇടിവ് രേഖപ്പെടുത്തുമെന്ന് മക്കിൻസി ആൻഡ് കോ തയാറാക്കിയ വിശകലന റിപ്പോര്‍ട്ട്. 0.8% മുതൽ 1% വരെ ഇടിവ് ഈ വരുമാനത്തില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപങ്ങളുടെ പുനര്‍ മൂല്യനിര്‍ണയം മൂലം പലിശ വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ആസ്തികളുമായി ബന്ധപ്പെടുത്തി ലാഭക്ഷമതയെ വ്യക്തമാക്കുന്ന ഒരു അളവുകോലാണ് ആര്‍ഒഎ. ഏതാനും വർഷങ്ങളായി മികച്ച വളര്‍ച്ചയാണ് രാജ്യത്തെ ബാങ്കിംഗ് മേഖല പ്രകടമാക്കുന്നത്. 2017-18ൽ -0.2 ശതമാനം ആയിരുന്നു ഇതെങ്കില്‍ 2011-22ൽ 0.9 ശതമാനം, 2022- 23ൽ 1.1 ശതമാനം എന്നിങ്ങനെ ഉയർന്നു. “12-18 മാസത്തെ വീക്ഷണം എടുക്കുകയാണെങ്കിൽ,ആസ്തികളിലെ വരുമാനം കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മക്കിൻസിയുടെ സീനിയർ പാർട്‍ണര്‍ പീയുഷ് ഡാൽമിയ പറഞ്ഞു.
എല്ലാ ബാങ്കുകളുടെയും ത്രൈമാസ ഫലങ്ങളും അവയുടെ ഭാവി നിഗമനങ്ങളും മുന്നോട്ടു പോകുമ്പോള്‍ അറ്റ പലിശ മാർജിനുകളിൽ നേരിടാനിടയുള്ള സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു. ഇത് സ്വാഭാവികമായും ആര്‍ഒഎ-യില്‍ പ്രതിഫലിക്കും, മറ്റ് ഘടകങ്ങൾ ഈ ഇടിവ് നികത്താൻ പര്യാപ്തമാകില്ലെന്നും ഡാൽമിയ പറഞ്ഞു.
2012- 13ൽ ശരാശരി 1 ശതമാനം ആയിരുന്നു ആര്‍ഒഎ, ഇത് പിന്നീട് -0.2 ശതമാനം ആയി കുറഞ്ഞു, വീണ്ടും 1.1% ആയി ഉയർന്നു. റീട്ടെയിൽ വായ്പകൾ അതിവേഗം വളർന്നതിനാൽ അറ്റ പലിശ വരുമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്, മൊത്തം ബാങ്കിംഗ് അഡ്വാൻസുകളിൽ റീട്ടെയിൽ വായ്പയുടെ വിഹിതം ഗണ്യമായി ഉയർന്നുവെന്നും കോർപ്പറേറ്റ് വായ്പകൾ ഏറ്റവും മന്ദഗതിയിലാണെന്നും ഡാൽമിയ പറഞ്ഞു.
