രൂപയിലെ അന്താരാഷ്ട്ര വ്യാപാരത്തിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: ഗോയല്‍
- പ്രത്യേക വോസ്‌ട്രോ റുപീ എക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കുന്നു
- ഇതുവരെ വോസ്‌ട്രോ എക്കൗണ്ടുകള്‍ തുടങ്ങാന്‍ 60 അനുമതി നല്‍കി
- അനുമതി ആദ്യം നേടിയ വിദേശ ബാങ്കുകള്‍ റഷ്യയില്‍ നിന്ന്
ആഭ്യന്തര കറന്‍സിയില്‍ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നത് ഇടപാടു ചെലവുകള്‍ കുറയ്ക്കാന്‍ വ്യാവസായിക ലോകത്തെ സഹായിക്കുമെന്നും ഇക്കാര്യത്തില്‍ നിരവധി രാജ്യങ്ങളുമായി റിസര്‍വ് ബാങ്ക് ചര്‍ച്ച നടത്തിവരികയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇറക്കുമതിയുമായും കയറ്റുമതിയുമായും ബന്ധപ്പെട്ട ഇടപാടുകള്‍ പരമാവധി രൂപയിലാക്കുന്നതിന് ബാങ്കുകളിലെ ടോപ് മാനേജ്‌മെന്റിനോടും വിവിധ വ്യാവസായിക സംഘടനകളുടെ പ്രതിനിധികളോടും കഴിഞ്ഞ വര്‍ഷം ആര്‍ബിഐ-യും ധനകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.
മറ്റു രാജ്യങ്ങളിലെ ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക റുപീ എക്കൗണ്ടുകള്‍ അതിര്‍ത്തി കടര്‍ന്നുള്ള വ്യാപരങ്ങള്‍ക്കായി ഒരുക്കുന്നതിന് ശ്രമിക്കണമെന്ന് ഇന്ത്യന്‍ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരത്തില്‍ കറന്‍സിയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഇന്ന് പല രാജ്യങ്ങളും തിരിച്ചറിയുന്നുണ്ടെന്നും ഇതിന്റെ ഭാഗമായ കണ്‍വെര്‍ഷന്‍ ചെലവ് ഇടപാടുകളുടെ ചെലവ് വര്‍ധിപ്പിക്കുന്നതായും ഗോയല്‍ ചൂണ്ടിക്കാട്ടി.
18 രാഷ്ട്രങ്ങളിലെ അനുബന്ധ ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക റുപീ വോസ്‌ട്രോ എക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകള്‍ക്കായി ആര്‍ബിഐ 60 അനുമതി ഇതിനകം നല്‍കിയിട്ടുണ്ടെന്നും ഗോയല്‍ വ്യക്തമാക്കി. ബോട്‌സ്വാന, ഫിജി, ജര്‍മ്മനി, ഗയാന, ഇസ്രായേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, റഷ്യ, സിംഗപ്പൂര്‍, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ, ഉഗാണ്ട, യുകെ എന്നീ രാഷ്ട്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, യുകോ ബാങ്ക് എന്നിവ ഉള്‍പ്പടെ നിരവധി ബാങ്കുകള്‍ക്ക് ഇന്ന് രൂപയിലെ വ്യാപാരം സാധ്യമാക്കുന്ന വോസ്‌ട്രോ എക്കൗണ്ടുകളുണ്ട്.
റഷ്യയിലെ ആദ്യത്തെയും രണ്ടാമത്തെയും വലിയ ബാങ്കുകളായ സ്‌ബെര്‍ബാങ്ക്, വിടിബി ബാങ്ക് എന്നിവയാണ് വോസ്‌ട്രോ എക്കൗണ്ടുകള്‍ക്ക് ആര്‍ബിഐയില്‍ നിന്ന് ആദ്യമായി നുമതി ലഭിച്ച വിദേശ ബാങ്കുകള്‍. പ്രത്യേക വോസ്‌ട്രോ എക്കൗണ്ടുകളുടെ പ്രചാരം ഉയര്‍ത്തുന്നതിനായി ഇത്തരം എക്കൗണ്ടുകളിലെ അധിക ബാലന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
